2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടന്ന വോട്ട് കൊള്ള കോണ്‍ഗ്രസ് പരിശോധിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിച്ചത് വോട്ടര്‍പട്ടികയിലെ വ്യാജ വോട്ടുകളാണെന്നും ഇത്തരത്തിലുള്ള നാല് ലക്ഷത്തില്‍ പരം വ്യാജ വോട്ടുകള്‍ കോണ്‍ഗ്രസ് കണ്ടെത്തിയതാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ പറഞ്ഞു.
|
വോട്ടുകൊള്ളക്കെതിരെ കോണ്‍ഗ്രസ് ദേശവ്യാപക കാമ്പയിന് തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് രൂപം നല്‍കാനിരിക്കേയാണ് കേരളത്തിലും അട്ടിമറി നടന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളുമായി ആകെ 4,34,042 വോട്ടുകളുടെ വോട്ടുകൊള്ളയാണ് കേരളത്തില്‍ കോണ്‍ഗ്രസ് കണ്ടെത്തിയത്.
നേരത്തേ ഇത് സംബന്ധിച്ച് ഹരജി ഫയല്‍ ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 3,24,441 ഇരട്ട വോട്ടുകളും 1,09,691 വ്യാജ വോട്ടുകളും നിയമസഭാ തെഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലുള്ളതിന്റെ തെളിവുകളാണ് ഹാജരാക്കിയിരുന്നത്. അതേസമയം 38,000 വ്യാജ വോട്ടുകളാണ് തങ്ങള്‍ കണ്ടെത്തിയത് എന്നാണ് കമീഷന്‍ ഹൈകോടതിയെ അറിയിച്ചത്.
ALSO READ: ഒരു ഫ്രണ്ട് റിക്വസ്റ്റില്‍ തുടങ്ങിയതാണ്; പോയത് 9 കോടി
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ഒരേ ആള്‍ക്ക് വ്യത്യസ്ത പേരുകളിലും സീരിയലുകളിലുമായി വോട്ടുള്ളതിന്റെ സാമ്പിള്‍ കേരള ഹൈകോടതി വിധിയില്‍ തന്നെ എടുത്തുകാട്ടി. സംസ്ഥാനമൊട്ടുക്കും വ്യാജ വോട്ടുകള്‍ ഉള്ളതിന്റെ തെളിവായി അഞ്ചിടത്ത് വോട്ടുകളുള്ള കാസര്‍കോട് ജില്ലയിലെ രവീന്ദ്രന്റെ ഭാര്യ കുമാരിയുടെ ഉദാഹരണവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഇതിന്റെ ഉത്തരവാദിത്തം പ്രാദേശിക ഓഫീസര്‍മാരുടെ തലയില്‍ ഇട്ട് രക്ഷപ്പെടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരില്ലാത്ത വിലാസങ്ങളില്‍നിന്ന് ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂര്‍ണാര്‍ഥത്തില്‍ അതു നിര്‍വഹിക്കാത്തതുകൊണ്ടാണ് അന്തിമ വോട്ടര്‍പട്ടികയിലും വ്യാജ വോട്ടുകളുണ്ടായതെന്നുമാണ് കേരളത്തിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍, ഈ വോട്ടുകള്‍ നീക്കം ചെയ്യാന്‍ കമീഷന്‍ നടപടി എടുത്തില്ല. വോട്ടെടുപ്പ് തിയ്യതി(2021 ഏപ്രില്‍ 6 ) അടുത്തതിനാല്‍ അന്തിമപട്ടികയില്‍നിന്ന് അവ നീക്കം ചെയ്യാനാവില്ലെന്ന നിലപാടാണ് കമീഷന്‍ കൈക്കൊണ്ടത്.
2021 മാര്‍ച്ച് 31ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ള വ്യാജ വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ത്തതിനാല്‍ ഭാവിയില്‍ ഇരട്ട വോട്ട് തടയാന്‍ പേര്, ബന്ധം, ജനനത്തീയതി തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുന്നപോലെ ഫോട്ടോയും പരസ്പരം ഒത്തുനോക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, പരാജയത്തില്‍ ആത്മവീര്യം നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് 2021ലെ വോട്ടുകൊള്ളയില്‍ തുടര്‍പ്രവര്‍ത്തനമുണ്ടായില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ സമ്മതിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക മുന്നില്‍ വെച്ച് വോട്ടുകൊള്ള കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിവുള്ള ബൂത്ത് തല ഏജന്റുമാരെ നിയോഗിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി ‘മാധ്യമ’ത്തോടു പറഞ്ഞു.
പരിശോധന തൃശൂരിലും
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടത്തിയതിന് സമാന രീതിയില്‍ തൃശൂരിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഐയും തൃശൂരിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്കുണ്ടായ അപ്രതീക്ഷിത വിജയത്തിന് പിന്നില്‍ വോട്ട് കൊള്ളയാണെന്നാണ് ആരോപണം.
ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പഠിച്ച് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.


