21
Apr 2024
Tue
21 Apr 2024 Tue

ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി സൗദി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് വരുന്നവര്‍ക്കായുള്ള പുതുക്കിയ വ്യവസ്ഥകള്‍ പുറത്തുവിട്ട് സൗദി അറേബ്യയുടെ മതകാര്യമന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദ്ദേശങ്ങളെന്ന് സൗദി അറിയിച്ചു.

എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്‌ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണമെന്നതാണ് വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം. പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാന്‍ വരുന്നവര്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്നും അവര്‍ക്ക് ഹജ്ജ് തീര്‍ഥാടന കേന്ദ്രങ്ങളേക്ക് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നുസുക്ക് ആപ്പിലെ രജ്‌സിട്രേഷനു പുറമെ, തീര്‍ഥാടകന്റെ വാക്‌സിനേഷന്‍ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സിഹത്തീ ആപ്ലിക്കേഷന്‍ വഴിയുള്ള രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

സൗദി അറേബ്യയിലെ താമസക്കാരായ തീര്‍ഥാടകര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോവിഡ്19 വാക്‌സിന്‍, ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവ എടുത്തവരായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. സൗദിക്ക് പുറത്തുനിന്ന് വരുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. രാജ്യത്തേക്ക് പുറപ്പെടുന്നതിന് ചുരുങ്ങിയത് 10 ദിവസമെങ്കിലും മുമ്പ് വാക്‌സിന്‍ എടുക്കണം. എന്നാല്‍ ഇവിടെ എത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് വാക്‌സിന്‍ എടുത്തവര്‍ ആയിരിക്കാനും പാടില്ല. വാക്‌സിന്‍ എടുത്തുവെന്നതിന് പ്രാദേശിക അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പോളിയോ പ്രതിരോധ കുത്തിവയ്പ് എടുത്തവരായരിക്കണം എന്നും നിബന്ധനയുണ്ട്.

ഹജ്ജ് കര്‍മ്മങ്ങളുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കുക, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും ആത്മീയ സംതൃപ്തി നല്‍കുന്നതുമായ അനുഭവം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നത് നിയമപരമായി കുറ്റകരവും ഇസ്ലാമിക വിധി പ്രകാരം പാപവുമാണെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

പെര്‍മിറ്റില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിക്കുന്നത് മതപരമായി അനുവദനീയമല്ലെന്ന് സൗദിയിലെ ഉന്നത പണ്ഡിതന്‍മാര്‍ ഉള്‍പ്പെട്ട ശൂറാ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് പെര്‍മിറ്റ് നിര്‍ബന്ധിതമാക്കിയത്. ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം കാര്യാലയ പരിപാലന അതോറിറ്റി എന്നിവയുടെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉന്നത പണ്ഡിതസഭ പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നതിന്റെ മതവിധി സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

പെര്‍മിറ്റ് നേടാതെ ഹജ് ചെയ്യാന്‍ ശ്രമിക്കുന്നത് മതപരമായി അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ പാപികളാണെന്നും ഉന്നത പണ്ഡിതസഭ വ്യക്തമാക്കി. ഭരണാധികാരികള്‍ നിശ്ചയിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും പണ്ഡിതന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെര്‍മിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍, ആരോ?ഗ്യ സൗകര്യങ്ങള്‍, താമസം, ഭക്ഷണം തുടങ്ങി സേവനങ്ങളെല്ലാം ഒരുക്കുന്നത്. ഹജ്ജിനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതത്തോടെയും സമാധാനത്തോടെയും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പണ്ഡിത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

eneral health advice and guidelines for haj pilgrims