കണ്ണൂര്‍: തനിക്കെതിരേ അപവാദം പ്രചരിപ്പിച്ചവര്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വക്കീല്‍ നോട്ടീസ്. (EP Jayarajan send notice to K sudhakaran and Shobha surendran )
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
|
ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസ്.
ഇപി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദ കുമാറിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ഇപി. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവര്‍ ആരെങ്കിലും ബിജെപിയില്‍ ചേരുമോ എന്ന് ജയരാജ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാത്ത പശ്ചാത്തലത്തില്‍ ജാവദേക്കര്‍ തന്നെ കണ്ടകാര്യം പാര്‍ട്ടിയോട് പറയേണ്ടതില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.





