
Euro2024: ഇന്ന് തീപ്പാറും പോരാട്ടം; ആദ്യ സെമയില്‍ ഫ്രാന്‍സും സ്‌പെയിനും
![]() |
|
മ്യൂണിക്: പോരാട്ടച്ചൂടിന്റെ പാരമ്യത്തിലെത്തിയ യൂറോ കപ്പില്‍ ആര് മുത്തമിടുമെന്ന കാത്തിരിപ്പിന് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം ബാക്കി. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ അലിയന്‍ അറീന പുല്‍മൈതാനത്ത് മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും ഫ്രാന്‍സുമാണ് മറ്റൊരു യൂറോ കിരീടം കൊതിച്ച് ആദ്യ സെമിയില്‍ ഇറങ്ങുന്നത്.
മുന്‍ ചാംപ്യന്‍മാരായതിനാലും ലോകോത്തര താരനിരകളുള്ളതിനാലും ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഈ സീസണിലും കിരീട ഫേവറിറ്റുകളെന്ന് വിളിക്കുന്ന രണ്ട് ടീമുകള്‍ ആദ്യ സെമിയില്‍ മുഖാമുഖമെത്തുമ്പോള്‍ മ്യൂണിക്കില്‍ ഇന്ന് തീപ്പാറുമെന്്‌ന ഉറപ്പ്. നാളെ രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലും ഏറ്റുമുട്ടും. നാലാംകിരീടമാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്. ഫ്രാന്‍സാകട്ടെ രണ്ടാംകിരീടവും.
പരാജയമറിയാതെയാണ് ഇരുടീമുകളും മുന്നേറിയത്. സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ആതിഥേയരായ ജര്‍മനിയെ വീഴ്ത്തി സെമിയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ഫ്രാന്‍സ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ മറികടന്നു.
ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുമത്സരങ്ങളും ജയിച്ച ഏകടീമാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്‌പെയിന്‍. അതുകൊണ്ടുതന്നെ സ്‌പെയിനിനാണ് കളിയില്‍ നേരിയ മുന്‍തൂക്കം കല്പിക്കപ്പെടുന്നത്. യൂറോ ചരിത്രത്തില്‍ ഇതുവരെ ആരും നേടിയിട്ടില്ലാത്ത തുടരെ ആറുജയം എന്ന റെക്കോഡാണ് ലാ റോജ ടീമിനെ കാത്തിരിക്കുന്നത്.
ലൂയിസ് എന്റീക്കെക്കുശേഷം സ്ഥാനമേറ്റ ഫ്യൂന്തെ തന്ത്രങ്ങളില്‍വരുത്തിയ മാറ്റമാണ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍. പന്ത് കൂടുതല്‍ വരുതിയില്‍നിര്‍ത്തുന്ന ടിക്കി ടാക്ക ശൈലിയില്‍നിന്ന് ടീം ഏറെമാറി. ജര്‍മനിക്കെതിരേ 48 ശതമാനവും ക്രൊയേഷ്യക്കെതിരേ 47 ശതമാവും മാത്രമായിരുന്നു ടീമിന്റെ പൊസഷന്‍. വേഗമേറിയ പാസുകളും മുന്നേറ്റങ്ങളുമാണ് പുതിയ ടീമിന്റെ മുഖമുദ്ര.
ഇതുവരെ മത്സരിച്ച അഞ്ചു യൂറോ സെമികളില്‍ നാലിലും സ്‌പെയിനിന് ജയിക്കാനായി. കഴിഞ്ഞതവണ ഇറ്റലിയോട് തോറ്റു. 2012ലാണ് അവസാനമായി യൂറോ കിരീടം ചൂടിയത്.
നാലാം ഫൈനലാണ് ദിദിയര്‍ ദെഷോമിന്റെ ഫ്രഞ്ച് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിനുശേഷം ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. യൂറോയിലും തപ്പിയും തടഞ്ഞുമായിരുന്നു ഫ്രഞ്ച് മുന്നേറ്റം. ഗ്രൂപ്പില്‍ ഓസ്ട്രിയക്കുപിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് രണ്ടാംറൗണ്ടിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരേ വിജയംനേടിയത് സെല്‍ഫ് ഗോളിലാണ്. ഗോള്‍രഹിത സമനിലയ്ക്കുശേഷം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നു. എംബാപ്പെ ഉള്‍പ്പെടെ നീണ്ട സീപ്പര്‍ നിര ഉണ്ടെങ്കിലും ഗോളടിക്കുന്നതില്‍ ഈ സീസണില്‍ ഫ്രാന്‍സ് പരാജയമാണ്. ഗോള്‍വരള്‍ച്ച നേരിടുന്നതാണ് ഫ്രാന്‍സിന്റെ പ്രശ്‌നം.
4-2-3-1 ഫോര്‍മേഷനിലാകും ഫ്രാന്‍സ് കളത്തിലിറങ്ങുക. കോളോ മോനിയായിരിക്കും സ്‌ട്രൈക്കര്‍ റോളില്‍. കിലിയന്‍ എംബാപെ ഇടതു വിങ്ങിലും അന്റൊണിയോ ഗ്രീസ്മാന്‍ വലതുവിങ്ങിലുമെത്തും. റാബിയോട്ടായിരിക്കും അറ്റാക്കിങ് മിഡ്!!ഫീല്‍ഡര്‍. ഷുമേനിയും കാന്റെയും മധ്യനിരയിലുണ്ടാകും. ജൂള്‍സ് കോണ്ടെ, സാലിബ, ഉപമെക്കാനൊ, ഹെര്‍ണാണ്ടസ് എന്നിവരായിരിക്കും പ്രതിരോധനിരയില്‍.
4-3-1- 2 ഫോര്‍മേഷനിലാകും സ്‌പെയിന്‍ കളിമെനയുക. യമാലും വില്യംസും വലത് ഇടതുവിങ്ങിലും മൊറാട്ട സ്‌ട്രൈക്കറുമാകും. ഒല്‍മൊ, റോഡ്രി, ഫാബിയാന്‍ ലൂയിസ് എന്നിവര്‍ മധ്യനിരയില്‍. ജീസസ് നവാസ്, നാച്ചൊ, ലപ്പോര്‍ട്ടെ, കുകുരെല്ല എന്നിവര്‍ പ്രതിരോധം തീര്‍ക്കും.
സാധ്യതാ ടീം
സ്‌പെയിന്‍: സിമൊണ്‍, നവാസ്, നാച്ചൊ, ലപോര്‍ട്ടെ, കുകുറെല്ല, ഒല്‍മോ, റോഡ്രി, ഫാബിയന്‍ റിയൂസ്, യമാല്‍, മൊറാറ്റ, വില്യംസ്.
ഫ്രാന്‍സ്: മെയ്ഗ്‌നന്‍, കുണ്ടെ, സാലിബ, ഉപാമെകാനൊ, ഹെര്‍ണാണ്ടസ്, കാന്റെ, ചൗമേനി, കാമവിംഗ, ഗ്രീസ്മാന്‍, കോളോ മുവാനി, എംബാപ്പെ.
euro cup 2024 france vs spain