25
Dec 2024
Sun
25 Dec 2024 Sun
Controversial officer MR Ajith Kumar promoted to DGP

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ പരിശുദ്ധനായി പ്രഖ്യാപിച്ച് വിജിലന്‍സ്. (Everything Anwar said was a lie; Vigilance declares MR Ajith Kumar innocent)  അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് വിജിലന്‍സ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ് പി ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് വിജിലന്‍സ് ശുദ്ധിപത്രം നല്‍കിയത്.

അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. കുറവന്‍ കോണത്തെ ഫ്‌ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കവടിയാറിലെ വീട് നിര്‍മാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലന്‍സ് കണ്ടെത്തി. വീട് നിര്‍മാണം സ്വത്ത് വിവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ഡി.ജി.പിക്ക് കൈമാറും.

ALSO READ: വിവാദ ഉദ്യോഗസ്ഥന്‍ എം.ആര്‍ അജിത് കുമാറിന് DGPയായി സ്ഥാനക്കയറ്റം; ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിരുന്നു. ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ ആരോപിച്ചിരുന്നു.

അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശിപാര്‍ശ ചെയ്തത്.

അതേസമയം, റിപ്പോര്‍ട്ട് തള്ളിയ പി.വി. അന്‍വര്‍ എം.എല്‍.എ താന്‍ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി. അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം പ്രസഹനമാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

വലിയ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അതിജ് കുമാറിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. പോലീസില്‍ സംഘപരിവാരത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് മുഖ്യമന്ത്രിയുടെ നിലപാടിനെ കൂടുതല്‍ സംശയത്തിലാക്കും.