ജിദ്ദ: പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും അനേകം വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടുചെന്നെത്തിക്കുന്ന തേടി എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് ഇന്നലെ സമാപിച്ച മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം. രണ്ടാമത്തെ ബെസ്‌റ്റ് സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്.
|
പ്രവാസ ജീവിതത്തിനിടയ്ക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ ഹ്രസ്വ സിനിമയുടെ പ്രമേയം.
മരുഭൂമിയിൽ മരണപ്പെട്ടെങ്കിലും പിതാവ് മരണപ്പെട്ടുവെന്ന സത്യത്തെ തന്റെ മാതാവിനെയും സഹോദരിയെയും അറിയിക്കാതെ ബാപ്പ അന്ത്യവിശ്രമം കൊള്ളുന്ന മരുഭൂമിയിലെവിടെയോ ഉള്ള ഖബർസ്ഥാൻ തേടിയാണ് മകൻ ഗൾഫിലെത്തുന്നത്.
ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം ബാപ്പ ഇഹലോകവാസം വെടിഞ്ഞെങ്കിലും ഇടയ്ക്കിടക്ക് ഞങ്ങളൊക്കെ വന്നു പോകുന്ന ഒരു ഖബർസ്ഥാനിലെങ്കിലുമായിരുന്നെങ്കിൽ എന്ന് പ്രധാന കഥാപാത്രമായ മകൻ പറയുമ്പോൾ വെറുമൊരു ഡയലോഗ് എന്നതിനപ്പുറം മരുഭൂമിയിലെ മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സങ്കടം കൂടിയായി മാറ്റുവാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചുവെന്നതാണ് തേടി എന്ന ദൃശ്യവിരുന്നിന്റെ കാഴ്ച പ്രേക്ഷകനു നല്കുന്ന വേറിട്ട അനുഭവം. പലപ്പോഴും പശ്ചാത്തലത്തോട് ബന്ധമില്ലാതാകുകയാണ് സാധാരണ പശ്ചാത്തല സംഗീതം എന്നാൽ തേടിയെ മനോഹരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പശ്ചാത്തല സംഗീതമാണ്. ക്യാമറാ വർക്കും എടുത്തു പറയേണ്ടുന്ന കാര്യമാണ്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നത് . ഗൾഫിലെ സീനിയർ ജേർണലിസ്റ്റകളിലൊരാളായ മുസാഫിർ ( മലയാളം ന്യൂസ് ), ഇശാൻ ശിഹാബ് അയ്യാറിൽ, സ്റ്റാൻലി കണ്ണമ്പാറ, ബെൻസൺ ചാക്കോ യടക്കം ക്യാമറക്ക് മുന്നിലെത്തിയവരും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവച്ചത്.
സംവിധായകൻ മുഹ്സിൻ കാളികാവ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്. തിരക്കഥ – തുഷാര ശിഹാബ്, സംഗീതം: അബ്ദുൾ അഹദ് അയ്യാറിൽ. എഡിറ്റിംഗ് : റിയാസ് മുണ്ടേങ്ങര. പ്രൊഡ്യൂസർ മുഹമ്മദ് ശിഹാബ് അയ്യാറിൽ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
മൂന്നു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന് ഇന്നലെ സമാപനമായി. സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാതിഥിയായി. ഡയറക്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. തേടിക്ക് വേണ്ടി പുരസ്കാരം ഇതിലെ അഭിനേതാവ് കൂടിയായ സ്റ്റാൻലി കണ്ണമ്പാറ, പ്രേം കുമാറിൽ നിന്ന് ഏറ്റുവാങ്ങി.ക്ലബ്ബ് ഭാരവാഹികളായ ബിപിൻ പ്രഭാകർ, പ്രകാശ് വാടിക്കൽ എന്നിവർ സംസാരിച്ചു.


