കര്‍ണാടകയിലെ മൈസൂരില്‍ മുസ്ലിംകളെയും പ്രവാചകനെയും നിന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം. (Facebook post insulting Muslims: Clashes in Mysore) മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഉദയഗിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഘര്‍ഷമുണ്ടായത്.
|
രാഹുല്‍ ഗാന്ധി, കെജ്രിവാള്‍, അഖിലേഷ് യാദവ് എന്നിവര്‍ അര്‍ധനഗ്നരായി തൊപ്പി ധരിച്ച് നില്‍ക്കുന്നതും ഇവരുടെ മടിയില്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയേയുമാണ് ചിത്രീകരിച്ചത്. ഉറുദുവിലും അറബിയിലുമുള്ള മതനിന്ദാപരമായ വാചകങ്ങളും ഇതില്‍ എഴുതിച്ചേര്‍ത്തിരുന്നു.
ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മുസ്ലിംകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദയഗിരി പോലീസ് സ്‌റ്റേഷന്‍ ജനങ്ങള്‍ ഉപരോധിച്ചു.
സ്വമേധയാ കേസെടുത്ത പോലീസ് ഫേസ്ബുക്ക് പോസ്റ്റിന് ഉത്തരവാദിയായ സുരേഷ് എന്നയാളെ അറസ്റ്റ് ചെയ്തു.
ഇതിനിടെ ചിലര്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സമാധാനം പാലിക്കാനും ആഹ്വാനം ചെയ്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി.
പ്രവാചക നിന്ദയും മുസ്ലിം നിന്ദയും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും എന്നാല്‍, സമാധാനപരമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റമദാന്‍ അടുത്തിരിക്കുന്ന വേളയില്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അത്തരം കെണികളില്‍ വീഴരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


