മലപ്പുറം: നിലമ്പൂരിനടുത്ത് എടക്കര നാരോകാവിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. നാരോക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരികയായിരുന്ന എറണാകുളം നോർത്ത് പറവൂർ സ്വദേശി തെന്മലശ്ശേരി രതീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിന്ന പരിചയം വെച്ചു മാത്രമാണ് ചികിത്സ നടത്തിയിരുന്നത്.
|
അൽ മാസ് ആശുപത്രിയിൽ ആയിരുന്നു ഇയാൾ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പോലീസ് പിടികൂടി. ഇവർ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തിൽ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. സംശയത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷ് വ്യാജ ഡോക്ടർ ആണെന്ന് തെളിഞ്ഞതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതും.
വഴിക്കടവ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ ചോദ്യം ചെയ്യുകയാണ്. ആൾമാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് ഉള്ള വകുപ്പുകൾ ആണ് ഇവർക്ക് എതിരെ പോലീസ് ചുമത്തിയത്. ഈ അടുത്തിടെ രതീഷിന്റെ കീഴിൽ ഹോസ്പിറ്റലിൽ ഒരു വനിതാ ഡോക്ടറെയും നിയമിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ ഒരു പരിശോധനയും കൂടാതെ ഇത്രയും കാലം ഈ സംഘത്തിന് എങ്ങനെ തട്ടിപ്പ് നടത്താനായി എന്ന ചോദ്യമാണ് ഉയരുന്നത്.


