01
Mar 2024
Tue
01 Mar 2024 Tue
fake encounter specialist sentenced to life by highcourt

മുംബൈ: ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് മുംബൈ ഹൈക്കോടതി. അധോലോക നായകന്‍ ഛോട്ടാരാജന്റെ അടുത്ത കൂട്ടാളിയായ രാമനാരായണന്‍ ഗുപ്ത എന്ന ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലാണ് കോടതി ശിക്ഷവിധിച്ചത്. 2006ലാണ് പ്രദീപ് ശര്‍മ വ്യാജ ഏറ്റുമുട്ടലിലൂടെ രാമനാരായണന്‍ ഗുപ്തയെ വെടിവച്ചുകൊന്നത്. ഈ കേസില്‍ സെഷന്‍സ് കോടതി പ്രദീപ് ശര്‍മയെ വെറുതെവിട്ടിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി നടപടി തള്ളിക്കൊണ്ടാണ് ഹൈക്കോടതി പ്രദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.(fake encounter specialist sentenced to life by highcourt)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ 12 പൊലീസുകാരനെയും ഒരു സിവിലിയനെയും ജീവപര്യന്തം തടവിനു വിധിച്ച വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവച്ചു. മുന്‍ പൊലീസുകാരായ നിതിന്‍ സര്‍താപ്, സന്ദീപ് സര്‍ക്കാര്‍, തനാജി ദേശായി, പ്രദീപ് സൂര്യവന്‍ഷി, രത്‌നാകര്‍ കാംബ്ലേ, വിനായക് ഷിന്‍ഡേ, ദേവിദാസ് സപ്കല്‍, ആനന്ദ് പട്ടാഡേ, ദിലീപ് പലാന്ദേ, പന്ദുരാഗ് കോകം, ഗണേഷ് ഹര്‍പുഡേ, പ്രകാശ് കദം, സിവിലിയനായ ഹിതേഷ് സോളങ്കി എന്നിവരാണ് ശിക്ഷിക്കപ്പെട്ട 13 പ്രതികള്‍. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറുപേരെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.

ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, അന്യായ തടങ്കല്‍ തുടങ്ങിയ എല്ലാ കുറ്റങ്ങളും പ്രദീപ് ശര്‍മയില്‍ തെളിയിക്കപ്പെട്ടതായി ഹൈക്കോടതി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ പ്രദീപിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. 2006 നവംബര്‍ 11ന് നവി മുംബൈക്ക് സമീപമുള്ള വഷി മേഖലയില്‍ നിന്ന് രാമനാരായണന്‍ ഗുപ്തയെയും സുഹൃത്ത് അനില്‍ ഭേദയെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഇരുവരെയും അന്നേദിവസം വൈകീട്ടോടെ പടിഞ്ഞാറന്‍ മുംബൈയിലെ വെര്‍സോവയില്‍ എത്തിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു. ഈ കേസില്‍ പ്രദീപ് ശര്‍മയെ വെറുതെ വിട്ട സെഷന്‍സ് കോടതിയുടെ ഉത്തരവ് തലതിരിഞ്ഞതും നിലനില്‍ക്കാത്തതുമാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിന്യായത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക