ആ വാര്‍ത്ത വ്യാജം; നടി ദിവ്യ സ്പന്ദന മരിച്ചിട്ടില്ല
|
ബംഗളൂരു: തെന്നിന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ് മുന്‍ എംപിയുമായ ദിവ്യ സ്പന്ദന മരിച്ചെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതം മൂലം നടി മരിച്ചെന്ന തരത്തില്‍ ട്വിറ്ററിലൂടെയായിരുന്നു അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ഇതോടെ നിരവധി പേര്‍ താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശോചന കുറിപ്പുകളും പങ്കിട്ടു. എന്നാല്‍ പ്രചരിക്കുന്നത് വെറും വ്യാജ വാര്‍ത്തയാണെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ദിവ്യ ആരോഗ്യവതിയാണെന്നും അവര്‍ ഇപ്പോള്‍ ജനീവയിലുണ്ടെന്നും സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു. താനിപ്പോള്‍ അവരുമായി സംസാരിച്ചെന്നും ചിത്ര ട്വീറ്റില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനും വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നടി ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
ഒരുകാലത്ത് കന്നഡയിലും തമിഴിലും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു ദിവ്യ സ്പന്ദന. പിന്നീട് അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 2003 മുതല്‍ സിനിമയില്‍ സജീവമായിരുന്ന ദിവ്യ 2012 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവായ തന്റെ അമ്മയുടെ വഴി പിന്തുടര്‍ന്നായിരുന്നു രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസ് പ്രവേശനത്തിന് തൊട്ട് പിന്നാലെ 2013 ല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്‌സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ സിനിമ ഉപേക്ഷിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദിവ്യ മാണ്ഡ്യയില്‍ നിന്ന് ജനവിധി തേടിയെങ്കിലും വിജയിച്ചില്ല.
Fake News About Kannada Actor Divya Spandana Goes Viral On Social Media


