കോട്ടയം: ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന ചിത്രം ഉൾപ്പെടുത്തിയുള്ള സോഷ്യൽമീഡിയ പ്രചരണം ചീറ്റി. ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയും വിവിധ ഇടത് പ്രൊഫൈലുകളുമാണ് പാലം പുതുപ്പള്ളിയിലേതാണ് എന്ന നിലയിൽ പ്രചരിപ്പിച്ചത്. എന്നാൽ ചിത്രം പുതുപ്പള്ളി മണ്ഡലത്തിലേതല്ലെന്നതാണ് യാഥാർഥ്യം. സത്യാവസ്ഥ മനസിലാവുകയും പോസ്റ്റിനെതിരെ വിമർശനം ശക്തമാവുകയും ചെയതതോടെ ഖേദം പ്രകടിപ്പിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. താൻ എയറിലാണെന്നും അദ്ദേഹം സമ്മതിച്ചു.
|
2016ൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി തിരുവാർപ്പ് പഞ്ചായത്തിൽ എത്തിയപ്പോൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതാണ് ചിത്രം. തിരുവാർപ്പ് പഞ്ചായത്ത് ഏറ്റുമാനൂർ മണ്ഡലത്തിലാണ്. അതായത് ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിലല്ല, മന്ത്രി വി എൻ വാസവന്റെ മണ്ഡലത്തിലേതാണ് ഈ പാലം. ചിത്രം 2016 നവംബർ 27ന് തന്റെ മോബലിൽ എടുത്തതാണ് എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് പ്രചരണം പൊളിഞ്ഞത്. സഹപ്രവർത്തകൻ എം ഐ വേലുവിൻ്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിക്കാനാണ് ഉമ്മൻചാണ്ടി എത്തിയത്.
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം. നീണ്ട വർഷം കോട്ടയം എംപിയായും പിന്നീട് അവിടുത്തെ എംഎൽയുമായി 2021 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എംഎൽഎ. 2021 മുതൽ മന്ത്രി വാസവനും. അന്ന് ഒറ്റത്തടിയായിരുന്നെങ്കിൽ ഇന്നത് രണ്ട് തടിയാണ്. ആ പാലത്തിലൂടെ ഇന്ന് വേലു സഞ്ചരിക്കുന്ന ചിത്രം കൂടി ഉൾപ്പെടുത്തിയാണ് കുഞ്ഞ് ഇല്ലംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വികസനം പടവലങ്ങ പോലെ താഴോട്ടാണെന്നും അദ്ദേഹം കുറിക്കുന്നു.
കൂടാതെ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പാലത്തിൽ നേരിട്ടെത്തി വീഡിയോയിലൂടെയും സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തി. പാലം പുതുപ്പള്ളിയലല്ലെന്നും ഉപ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ മുഖ്യ ചുമതലക്കാരനും കേരളത്തിന്റെ സഹകരണ മന്ത്രിയുമായ വി എൻ വാസവന്റെ സ്വന്തം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലാണെന്നും രാഹുൽ വ്യക്തമാക്കുന്നു. സിപിഎം നേതാവായ കെ അനിൽകുമാറിന്റെ പിതാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന, ജ്യേഷ്ട സഹോദരൻ അജയൻ കെ മേനോൻ ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന പ്രദേശത്താണ് ഈ പാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.
അന്ന് ഉമ്മൻചാണ്ടി നടക്കുമ്പോൾ ഒരു മരക്കഷ്ണം മാത്രമാണുണ്ടായിരുന്നതെന്നും പിണറായി സർക്കാർ വന്നതോടെ വികസനം വന്ന് അതിപ്പോൾ രണ്ടെണ്ണം ആയിട്ടുണ്ടന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. വികസനം വന്നില്ലെന്ന് പറഞ്ഞാൽ തെറ്റാവുമെന്നും രാഹുൽ പറയുന്നു. വിഖ്യാതമായ ഹൗറ പാലത്തെ കവച്ചുവയ്ക്കുന്ന നിർമാണ രീതിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിക്കുന്നു. മണ്ഡലത്തിൽ ഇത്തരം പാലങ്ങൾ വേറെയും ഉണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. സിപിഎമ്മിന്റെ നിരവധി എംഎൽഎമാർ ഉണ്ടായിട്ടും ഈ റോഡ് വികസിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പുതുപ്പള്ളിയുടെ ഭാഗ്യമാണ് ഉമ്മൻചാണ്ടി സാർ, ഇത്തരം പാലങ്ങൾ ഇവിടെ മാത്രമേ കാണൂ’ എന്ന ക്യാപ്ഷൻ അടക്കമുള്ള ഫോട്ടോയാണ് മുരളി തുമ്മാരുകുടി പങ്കുവച്ചിരുന്നത്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, ആ ചിത്രം പുതുപ്പള്ളിയിലേതാണെന്ന് താൻ പറഞ്ഞിരുന്നില്ലെന്നും കണ്ടപ്പോൾ ഫോട്ടോഷോപ്പാണെന്നാണ് തോന്നിയതെന്നും ആ സാധ്യത പറയുകയും ചെയ്തിരുന്നെന്നും പ്രചരണം ചീറ്റിയതോടെ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽപാലമാണ് സോഷ്യൽമീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നെന്നും മുരളി തുമ്മാരുകുടി കുറിച്ചു.





