13
Jan 2023
Tue
13 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേരി: 14 കാരിയായ സ്വന്തം മകളെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവിനും 6.6 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. വഴിക്കടവിലെ 48 കാരനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ. രാജേഷ് ആണ് ശിക്ഷിച്ചത്. മൂന്നുജീവപര്യന്തം തടവാണ് ശിക്ഷ.

കുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാമത്തെ ജീവപര്യന്തം. രക്ഷിതാവായ പ്രതി ബലാത്സംഗം ചെയ്തതിനും നിരവധി തവണ പീഡിപ്പിച്ചതിനും ഒന്നു വീതം ജീവപര്യന്തം തടവ് അനുഭവിക്കണം. ഇതിനുപുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് പോക്‌സോ പ്രകാരം ഏഴുവര്‍ഷം കഠിനതടവ്, സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവര്‍ഷം കഠിനതടവ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരുവര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ പതിനാലര വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ജീവപര്യന്തം എന്നത് മരണം വരെ കഠിനതടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

2021 മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍ വരെ പലതവണയായി പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലിസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീറാണ് അന്വേഷണം നടത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക