വധശിക്ഷയ്ക്കു വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് മകന്റെ ഘാതകന് മാപ്പ് നൽകി പിതാവ്. സൗദി അറേബ്യയിലെ ബിഷയിലാണ് സംഭവം. വധശിക്ഷയ്ക്കു വിധേയനാക്കുന്നത് കാണാനായി തടിച്ചുകൂടിയവർക്കു മുമ്പാകെയാണ് ദിയാധനം പോലും വാങ്ങാതെ അവസാന നിമിഷം മാപ്പ് നൽകിയത്.
|
അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചാണ് കുറ്റവാളിക്ക് മാപ്പ് നൽകുന്നതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവായ മുഹമ്മദ് ബിൻ ഷാഗ പ്രഖ്യാപിച്ചു. ഒരു റിയാൽ പോലും താൻ ദിയാധനമായി വാങ്ങിയിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ഒരു റിയാൽ പോലും താൻ ദിയാധനമായി വാങ്ങിയിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ മാസങ്ങളിലായി വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കുറ്റവാളികൾക്ക് ഇരയുടെ കുടുംബങ്ങൾ മാപ്പ് നൽകുന്ന നിരവധി സംഭവങ്ങൾക്ക് സൗദി അറേബ്യ വേദിയായിട്ടുണ്ട്. സൗദിയുടെ വടക്കൻ മേഖലയായ തബൂക്കിൽ മുതൈർ അൽ അതാവിയെന്ന സ്വദേശി പൗരനാണ് അവസാന നിമിഷം മകനെ കൊന്നയാൾക്ക് മാപ്പ് നൽകിയത്.
കുറ്റവാളിയുടെ കുടുംബം വൻതുക ദിയാധനമായി നൽകാമെന്ന് പറഞ്ഞിട്ടും മുതൈർ അൽ അതാവി വഴങ്ങിയിരുന്നില്ല. എന്നാൽ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് മനസ്സ് മാറുകയും മാപ്പ് നൽകുകയുമായിരുന്നു. ഇതോടെ മരണത്തിന്റെ വക്കിൽ നിന്ന് കുറ്റവാളിക്കു ജീവിതത്തിലേക്ക് തിരികെ വരാനായി. ദൈവപ്രീതി മാത്രം കണക്കിലെടുത്താണ് മാപ്പ് നൽകിയതെന്നും അൽ അതാവി വ്യക്തമാക്കിയിരുന്നു.


