29
Jun 2023
Sun
29 Jun 2023 Sun

ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്. മൊബൈല്‍ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ഡല്‍ഹിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സീനിയര്‍ മാനേജരായി വിരമിച്ച അശോക് സിങ് എന്ന 64കാരനാണ് മകനെ കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ മഞ്ജു സിങ്ങിനും മകന്‍ ആദിത്യ സിങ്ങിനുമൊപ്പമായിരുന്നു അശോക് സിങ് താമസിച്ചിരുന്നത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറാണ് ആദിത്യ. അടുത്തിടെ അശോക് സിങ് ഗുരുഗ്രാമില്‍ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇത് സംബന്ധിയായ പണം കൈമാറ്റത്തിനായി ഭാര്യ മഞ്ജുവിനോട് ഫോണില്‍ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ അശോക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് വിചാരിച്ചതിലും അധികം സമയം ആപ്പ് ഡൗണ്‍ലോഡ് ആവുന്നതിന് എടുത്തതോടെ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു. ഭാര്യയോട് ഇതിനെ ചൊല്ലി വാക്കേറ്റമായി.

ഇതിനിടെ പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിത്യയ്ക്ക് കുത്തേല്‍ക്കുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്തായിരുന്നു ആക്രമണം. ആദിത്യയെ ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും വാരിയെല്ലിലുമായി രണ്ട് തവണയാണ് ആദിത്യയ്ക്ക് കുത്തേറ്റിട്ടുള്ളത്. മനപൂര്‍വം ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് അശോക് സിങ്ങിനെതിരെ കേസ് എടുത്തിട്ടുണ്ട്.