തിരുവനന്തപുരം: പ്രതിരോധ നടപടികള്‍ മുഴുവന്‍ പാളിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പകര്‍ച്ചപ്പനി കേസുകള്‍ ആശങ്കാജനകമാം വിധം ഉയരുന്നു. (Fever cases rising in Kerala; 10 people died yesterday alone; Four more people have cholera) ഇന്നലെ മാത്രം പത്ത് പേരാണ് പനിബാധിച്ചു മരിച്ചത്. നെയ്യാറ്റിന്‍കര കെയര്‍ ഹോമിലെ നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.
|
സംസ്ഥാനത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. ഇതില്‍ 11 പേരും നെയ്യാറ്റിന്‍കര കെയര്‍ ഹോമിലെ അന്തേവാസികളാണ്. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കെയര്‍ ഹോമിലെ 26കാരന്റെ മരണം കോളറ മൂലം എന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോളറയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നുണ്ടെങ്കിലും രോഗത്തിന്റെ ഉറവിടം ഏതാണെന്ന് കണ്ടെത്താന്‍ ഇനിയും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല.
രോഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നതിനോ സാഹചര്യം ജനങ്ങളെ അറിയിക്കുന്നതിനോ ആരോഗ്യ വകുപ്പിനു സാധിക്കുന്നില്ല. തദ്ദേശ വകുപ്പ് നിര്‍വഹിക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലെ ഗുരുതരപാളിച്ചകളും ശുദ്ധജലം ലഭ്യമാക്കുന്നതിലെ പരാജയവും താഴെത്തട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ ബാധിക്കുന്നുണ്ട്.
24 മണിക്കൂറിനിടെ 12,204 പേര്‍ പനിക്ക് ചികിത്സ തേടി.173 പേര്‍ക്ക് ഡെങ്കിയും 22 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 44 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടു. പനി ബാധിച്ച് എട്ടുപേരും മഞ്ഞപ്പിത്തം മൂലം ഒരാളും മരിച്ചു. രണ്ടു മരണങ്ങള്‍ പനിമൂലം എന്ന് സംശയമുണ്ട്. ഈ മാസം ഇതുവരെ ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ പനിക്ക് ചികിത്സ തേടി.
പാളുന്ന പ്രതിരോധം
2023 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം കേരളത്തിലായിരുന്നു (173 പേര്‍). രോഗം ബാധിച്ചത് 59,288 പേര്‍ക്ക്. ഈ വര്‍ഷം ഇതുവരെ 36,451 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 78 പേര്‍ ഇതുവരെ മരിച്ചു.
2002 ല്‍ സംസ്ഥാനത്തു ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്തു 2004 ല്‍ കരിമ്പനിയും 2013 ല്‍ മങ്കിപോക്‌സും പിന്നീട് നിപ്പയും സ്ഥിരീകരിച്ചു. ഇവയുടെയെല്ലാം ഉറവിടം അജ്ഞാതം. ആരോഗ്യ സ്ഥാപനങ്ങളില്‍ 40% സര്‍ക്കാര്‍, 60% സ്വകാര്യ മേഖലകളിലാണ്. സര്‍ക്കാര്‍ മേഖലയിലെ കണക്കുകളേ ദിവസേന ശേഖരിക്കുന്നുള്ളൂ, അതും പൂര്‍ണമല്ല. രോഗികളുടെയും മരണത്തിന്റെയും വിവരങ്ങള്‍ ചില സ്വകാര്യ ആശുപത്രികള്‍ മറച്ചുവയ്ക്കും. സ്വാധീനമുള്ളവര്‍ക്ക് നോട്ടിസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു മടിയാണ്.
സംസ്ഥാനത്തു 2023 ജനുവരി മുതല്‍ 2023 ജൂലൈ വരെയുള്ള പകര്‍ച്ചവ്യാധി ഹോട്‌സ്‌പോട്ട് പ്രഖ്യാപിച്ചതു കഴിഞ്ഞ ആഴ്ച! ആരോഗ്യ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പഴകിയ കണക്കു പ്രസിദ്ധീകരിച്ചതു പോരാതെ, അതിനെ ‘ന്യൂ’ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതത് ആഴ്ചകളില്‍ ഹോട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കണമെന്നാണു വ്യവസ്ഥ.
നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസിക്ക് കോളറ ബാധിച്ചെന്ന് 8നു വൈകിട്ട് 5.30നു തിരിച്ചറിഞ്ഞു. പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. പിറ്റേന്ന് ഉച്ചയ്ക്കു മന്ത്രി വീണാ ജോര്‍ജ് പ്രസ്താവനയിലൂടെയാണു വിവരം അറിയിച്ചത്.


