ഡുനെഡിന്‍: പാക് ബൗളര്‍മാരെ തെലങ്ങും വിലങ്ങും ഫിന്‍ അലന്‍ അടിച്ചുപറത്തിയപ്പോള്‍ മൂന്നാം ട്വന്റിയിലും വിജയിച്ചതോടെ പരമ്പര സ്വന്തമാക്കി കിവികള്‍. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ബാറ്റര്‍ എന്ന നേട്ടത്തോടെയാണ് ഫിന്‍ അലന്‍ പാക് പടയെ നാണം കെടുത്തിയത്. 16 സിക്്‌സുമായി അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും താരത്തിനായി കഴിഞ്ഞു. ഓപ്പണറായി ഇറങ്ങിയ അലന്‍ 62 പന്തുകളില്‍ നിന്നായി അഞ്ച് ഫോറും 16 സിക്‌സുമായി 137 റണ്‍സ് നേടി.
|
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ന്യൂസീലാന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 124 റണ്‍സെടുത്ത സുസി ബാറ്റ്‌സ്, 123 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലം എന്നിവരെയാണ് അലന്‍ മറികടന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് തുടക്കം മുതല്‍ പിഴച്ചു. ഹാരിസ് റൗഫ്, ഷഹീന്‍ ഷാ അഫ്രീദി, സമാന്‍ ഖാന്‍ തുടങ്ങി പേസ് ബൗളര്‍മാരെല്ലാം അലന് മുന്നില്‍ നിസഹായരായി. ഏഴ് റണ്‍സുമായി ഓപ്പണര്‍ ഡെവന്‍ കോണ്‍വെ വേഗത്തില്‍ പുറത്തായെങ്കിലും 31 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സെയ്‌ഫെര്‍ട്ട് മികച്ച പിന്തുണ നല്‍കി. 20 ഓവറില്‍ ന്യൂസീലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
ഹാരിസ് റൗഫ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 28 റണ്‍സടിച്ച അലന്‍ റൗഫ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 23 റണ്‍സടിച്ചു. ഷഹീന്‍ അഫ്രീദിക്കെതിരെ ഒരോവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും അടക്കം 24 റണ്‍സും അലന്‍ നേടി. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് നാലോവറില്‍ 60 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി 43 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങില്‍ പാകിസ്താന്‍ പോരാട്ടം ഏഴിന് 179 റണ്‍സില്‍ അവസാനിച്ചു. 58 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 24 റണ്‍സെടുത്ത് പുറത്തായി. ടീം സൗത്തി രണ്ട് വിക്കറ്റുമായി തിളങ്ങി. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാനും കിവീസിനായി. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും.


