കൊല്ലം നെടുവത്തൂരില്‍ കാമുകനോട് വഴക്കിട്ട് കിണറ്റില്‍ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും യുവതിയുടെ കാമുകനുമടക്കം മൂന്ന് പേര്‍ മരിച്ചു. യുവതിയെ രക്ഷിക്കാനായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങിയ സമയത്ത് കാമുകന്‍ കൈവരിയില്‍ ചാരിയപ്പോള്‍ കൈവരിയും യുവാവും കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു. കൈവരിയുടെ ബലക്കുറവാണ് അപകടകാരണമായത്.
|
കൊട്ടാരക്കര ഫയര്‍ ആന്‍ഡ് റസ്‌ക്യൂ യൂനിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), യുവതിയുടെ കാമുകന്‍ ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.
80 അടി താഴ്ചയുള്ള കിണറിലായിരുന്നു അര്‍ച്ചന ചാടിയത്. വിവരം അറിയിച്ച് പുലര്‍ച്ചെ 12.15ഓടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് ഫോണ്‍ കോള്‍ വരുന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ മൂത്ത രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സോണി താഴെയിറങ്ങുകയായിരുന്നു.
യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞത്. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്‍ കൈവരിയില്‍ ചാരിയപ്പോള്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
ALSO READ: ഭാര്യയുടെ നഗ്ന ചിത്രം വാട്‌സാപ്പില്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കി; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍


