25
Mar 2025
Sat
25 Mar 2025 Sat
fire force officer among two held with red sand boa

ഇരുതലമൂരിയെ വില്‍ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ ആലപ്പുഴയില്‍ വനംവകുപ്പിന്റെ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകര്‍ ഇരുതലമൂരിയെ വാങ്ങാനെന്ന വ്യാജേനയെത്തിയാണ് ഇവരെ പിടികൂടിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷന്‍(34), ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്ണന്‍ (32) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിലാഷ് കുഷന് വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ റാന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു. ഹരികൃഷ്ണന്‍ ഇയാളുടെ സഹായിയാണ്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. തമിഴ്നാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. കൂടുതല്‍ പണം നല്‍കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതോടെ അഭിലാഷ് ഇരുതലമൂരിയെ കൈമാറാമെന്നേറ്റു.

തുടര്‍ന്ന് ഇരുതലമൂരിയെ വില്‍ക്കാനായി ഇവര്‍ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു. കരിക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ റോബിന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്‌ളൈയിങ് സ്‌ക്വാഡുമായി ചേര്‍ന്ന് ഇവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

മൂന്ന് കിലോ ഭാരവും 135 സെന്റീമീറ്റര്‍ നീളവുമുള്ളതുമാണ് ഇരുതലമൂരി. ഇതിനെ തുറന്നുവിടുമെന്ന് വനപാലകര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എഫ് യേശുദാസ്, എസ് ഷിനില്‍, പി സെന്‍ജിത്ത്, ബിഎഫ്ഓമാരായ കെ അനൂപ്, അപ്പുക്കുട്ടന്‍, അമ്മു ഉദയന്‍, എസ് അജ്മല്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.