ജെറുസലേം: മാസങ്ങളായി തുടരുന്ന ഇസ്രായേല്‍ ക്രൂരതയ്ക്ക് മറ്റൊരു ഇര കൂടി. ( First Palestinian Olympian died without treatment ) ഒളിമ്പിക്‌സില്‍ ആദ്യമായി ഫലസ്തീനെ പ്രിതിനിധീകരിച്ച മാജിദ് അബൂ മറാഹീല്‍ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചു. ദീര്‍ഘ ദൂര അത്ലറ്റ് ആയിരുന്നു അബൂ മറാഹീല്‍. കിഡ്നി രോഗിയായിരുന്ന അദ്ദേഹത്തിന് ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്നാണ് ചികില്‍സ നിഷേധിക്കപ്പെട്ടത്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ 10 കിലോമീറ്റര്‍ ഓട്ട മല്‍സരത്തിലാണ് അദ്ദേഹം ഫലസ്തീനെ പ്രതിനിധീകരിച്ചത്.
|
ഗസയുടെ തെരുവുകളിലും കടല്‍ത്തീരങ്ങളിലുമായി സ്വയം പരിശീലനം നടത്തിയാണ് അബൂ മറാഹീല്‍ കളത്തിലിറങ്ങിയത്. ഗസയിലെ നുസെറാത്ത് ക്യാമ്പില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ കുടുംബത്തിലാണ് മജീദ് അബൂ മറഹീല്‍ ജനിച്ചത്.
1995 ജൂണില്‍, ഫലസ്തീന്‍ യുവജന കായിക മന്ത്രാലയം ഗസയില്‍ നടത്തിയ ഒളിമ്പിക് ഡേ ഫെസ്റ്റിവലില്‍ അദ്ദേഹം മത്സരിച്ചു. 1995 ല്‍ ഈജിപ്തിലെ കെയ്റോയില്‍ നടന്ന അറബ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ചിട്ടുണ്ട്. 1996 ജൂലൈ 26 ന്, അബു മറഹീല്‍ ഒളിമ്പിക് ഗെയിംസില്‍ മത്സരിക്കുന്ന ആദ്യത്തെ ഫലസ്തീന്‍കാരനായി. മത്സരത്തില്‍ എത്യോപ്യന്‍ റണ്ണറായ വര്‍ക്കു ബിക്കിലയേക്കാള്‍ ഏകദേശം 7 മിനിറ്റ് പിന്നിലായി 34:40.50 സമയത്തില്‍ ഓടി അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇസ്രയേല്‍ ഫലസ്തീനില്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 37000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ അന്താരാഷ്ട്രാ മര്യാദകളും ലംഘിച്ചു കൊണ്ടാണ് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ സൈന്യം ബോംബിടുന്നത്. നൂറുകണക്കിന് ആളുകളാണ് മരുന്നും ആവശ്യമായ ചികിസയും കിട്ടാതെ മരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.


