വിഖ്യാത ന്യായാധിപ ഇനി ഓര്മ: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറക്കം ഇന്ന് ഉച്ചയ്ക്ക്
|
പത്തനംതിട്ട: ഇന്നലെ അന്തരിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജഡ്ജിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറക്കം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവുചെയ്യും. ഫാത്തിമാ ബീവിയുടെ ഭൗതിക ശരീരം പത്തനംതിട്ട തൈകാവിലെ വീട്ടില്‍ നിന്നും പന്ത്രണ്ടരയോടെ ടൗണ്‍ഹാളില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നാണ് ടൗണ്‍ ജുമാ മസ്ജിദില്‍ എത്തിക്കുക.
ഇന്നലെ രാവിലെയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഫാത്തിമ ബീവിയുടെ അന്ത്യം. 96 വയസായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ മുന്‍സീഫ്, ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി, സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്, ആദ്യ വനിതാ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ മെമ്പര്‍, കേരള പിന്നോക്ക വിഭാഗ കമ്മിഷന്റെ പ്രഥമ അധ്യക്ഷ, പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗം, സംസ്ഥാന ഗവര്‍ണറാകുന്ന ആദ്യ മുസ്ലീം വനിത… ഇങ്ങനെ നീണ്ടുപോകുന്ന നിരവധി അംഗീകാരങ്ങളുടെ അവകാശി കൂടിയായിരുന്നു ഫാത്തിമ ബീവി. ഇന്ത്യയിലെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്തിരുന്ന മുസ്ലിം വനിതാ എന്ന ബഹുമതിയും ഫാത്തിമ ബീവക്ക് സ്വന്തമാണ്.





