28
Jan 2024
Thu
28 Jan 2024 Thu

കോഴിക്കോട്: വ്യാജ എൻസിസി ഓഫിസറുടെ വീഡിയോ കോളിലൂടെ കോഴിക്കോട്ടെ മൽസ്യവ്യാപാരിക്ക് നഷ്ടമായത് 22000ലേറെ രൂപ. ഫറോക്ക് പഴയപാലത്തിനു സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കരുവൻതിരുത്തി സ്വദേശി പൊന്നേംപറമ്പത്ത് സിദ്ദീഖിന്റെ പണമായത് നഷ്ടമായത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിദ്ദീഖിന്റെ ഫോണിലേക്ക് കോൾ വരികയും ഫറോഖ് കോളജിലെ എൻസിസി ക്യാംപിലേക്ക് 100 കിലോ മീൻ വേണമെന്ന് ഹിന്ദിയിൽ ആവശ്യപ്പെടുകയുമായിരുന്നു. മീനിന്റെ വില വിളിച്ചയാൾ ചോദിക്കുകയും സിദ്ദീഖ് വിലവിവരം പറയുകയും ചെയ്തു. മീനിന്റെ വിലയുടെ അഡ്വാൻസായി 15,000 രൂപ മേലുദ്യോഗസ്ഥൻ അയക്കുമെന്നും ബാക്കി തുക മീൻ ലഭിക്കുന്ന മുറയ്ക്ക് തരുമെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്.

ഇതിനു പിന്നാലെ എൻസിസി യൂണിഫോം ധരിച്ചയാളുടെ വീഡിയോകോൾ വരികയും മീൻ എത്തിച്ചുനൽകേണ്ട ലൊക്കേഷൻ അയച്ചുനൽകുകയും ചെയ്തു. ഇതിനു ശേഷം അഡ്വാൻസ് പണം അയയ്ക്കുന്നതിനായി സിദ്ദീഖ് വിളിച്ചയാൾക്ക് തന്റെ അക്കൗണ്ടിന്റെ ക്യുആർ കോഡ് കാണിച്ചു. ഇതിനിടെ ഇയാൾ സിദ്ദീഖിന്റെ അക്കൗണ്ട് നമ്പർ‍ ചോദിച്ചു.

അക്കൗണ്ട് നമ്പർ ഫോണിൽ ടൈപ്പ് ചെയ്യുന്നതിനിടയിൽ തട്ടിപ്പുകാരൻ അക്കൗണ്ടിന്റെ പാസ്‌വേഡും ചോദിച്ചുവാങ്ങി. ഇതിനു പിന്നാലെ അക്കൗണ്ടിൽ നിന്ന് 22109 രൂപ ട്രാൻസ്ഫർ ചെയ്തുവെന്ന സന്ദേശം ലഭിച്ചതോടെയാണ് സിദ്ദീഖിന് താൻ തട്ടിപ്പിനിരയായെന്ന് വ്യക്തമായത്. ഉടൻ തന്നെ സിദ്ദീഖ് ഫറോക്ക് പൊലീസ് സ്റ്റേഷനിലും ബാങ്കിലും പരാതി നൽകി.