26
Dec 2024
Tue
26 Dec 2024 Tue

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം അവസാന കാലത്ത് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ജന്മദേശമായ മദ്ദൂരില്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1999- 2004 കാലത്താണ് കര്‍ണാടക മുഖ്യമന്ത്രിയായത്. മൂന്നു തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും പലതവണ നിയമസഭാംഗവുമായി. കര്‍ണാടക പി.സി.സി അധ്യക്ഷന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം, നിയസമഭാ സ്പീക്കര്‍, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നീ പദവികളും വഹിച്ചു.

1980 മുതല്‍ 1984 വരെ കേന്ദ്രമന്ത്രിയായിരുന്ന കൃഷ്ണ, 1984ലെ പൊതുതെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തി. 1989 മുതല്‍ 1993 വരെ കര്‍ണാടകാ നിയമസഭ സ്പീക്കറും 1993 മുതല്‍ 1994 വരെ ഉപമുഖ്യമന്ത്രിയുമായി.

1999 മുതല്‍ 2000 വരെയാണ് കര്‍ണാടക പി.സി.സി അധ്യക്ഷനായത്. 1999ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചതോടെ രാജ്യസഭാംഗമായിരുന്ന കൃഷ്ണയെ രാജിവപ്പിച്ച് മുഖ്യമന്ത്രിയാക്കി. മുദ്ദീരില്‍നിന്ന് അദ്ദേഹം എം.എല്‍.എയാവുകുയംചെയ്തു.

2004ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയെങ്കിലും രാജിവപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണറായി. 2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ വിദേശകാര്യമന്ത്രിയാവുകയുംചെയ്തു.

2017 ലാണ് കോണ്‍ഗ്രസ് വിട്ടത്. അതേവര്‍ഷം മാര്‍ച്ച് 22ന് ബി.ജെ.പിയില്‍ ചേര്‍ന്നു.

2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടതായും പ്രഖ്യാപിച്ചു. 2017 മുതല്‍ ബി.ജെ.പി അനുഭാവിയായി തുടര്‍ന്ന കൃഷ്ണ 2017 മാര്‍ച്ച് 22ന് ബി.ജെ.പിയില്‍ അംഗത്വമെടുത്തു.

Former Karnataka Chief Minister SM Krishna passes away