തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
|
വാഷിങ്ടണ്‍: 2020ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് തടയാന്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് അറസ്റ്റ്.
എന്നാല്‍ തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. നാല് മാസത്തിനിടയില്‍ മൂന്നാം തവണയാണ് ട്രംപ് ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്.
നാല് കുറ്റങ്ങളാണ് നീതിന്യായ വകുപ്പിന്റെ സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ജൂറി ട്രംപിനുമേല്‍ ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തി യു.എസിനെ വഞ്ചിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, പൗരരുടെ അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലും അതിനുള്ള ശ്രമവും എന്നിവയാണ് കുറ്റങ്ങള്‍.
അധികാരത്തില്‍ തുടരുന്നതിനായി ട്രംപ് ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും സ്വന്തം നേട്ടത്തിനായി രാജ്യത്ത് അവിശ്വാസത്തിന്റേയും രോഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ചെന്നും തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചെന്നും സ്‌പെഷ്യല്‍ കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


