29
Nov 2024
Tue
29 Nov 2024 Tue
aged woman lost over 20 crore rupees in digital arrest fraud

മുംബൈ: വയോധികയെ ഒരു മാസത്തോളം ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം. ഈ കാലയളവില്‍ പലപ്പോഴായി ഇവരില്‍ നിന്നു 3.8 കോടി രൂപയും സംഘം തട്ടിയെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ നഗരത്തില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചുവരികയായിരുന്നു 77 വയസ്സുകാരിയാണ് പറ്റിക്കപ്പെട്ടത്. മുംബൈ പൊലീസില്‍ നിന്നാണെന്ന് അവകാശപ്പെട്ടാണ് പ്രതികള്‍ വാട്സ്ആപ്പ് കോള്‍ വഴി ആദ്യം ബന്ധപ്പെട്ടത്. നിങ്ങള്‍ അയച്ച കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.നാല് കിലോ വസ്ത്രം, എംഡിഎംഎ, അഞ്ച് പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവയാണ് കൊറിയറില്‍ ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ പറഞ്ഞു.

എന്നാല്‍, താന്‍ കൊറിയര്‍ അയച്ചിട്ടില്ലെന്നു വൃദ്ധ വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും കൊറിയര്‍ അയച്ചതാകാമെന്നും മുംബൈ പൊലീസിനോട് സംസാരിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

ALSO READ: കെഎം ഷാജി കോഴ ചോദിച്ചെന്നതിന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോയെന്ന് സുപ്രിം കോടതി

ഇതിന് പിന്നാലെ മുംബൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ വൃദ്ധയെ വിളിച്ചു. കള്ളപ്പണക്കേസില്‍ 77കാരിയുടെ ആധാര്‍കാര്‍ഡ് ലിങ്ക് ആയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും 24 മണിക്കൂറും എല്ലാ ദിവസവും തങ്ങളുമായി വീഡിയോ കോളിലായിരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത് എന്നായിരുന്നു വിശദീകരണം. കോള്‍ ഡിസ്‌കണക്ട് ആയാല്‍ അവര്‍ വീണ്ടും വിളിച്ച് കണക്ട് ചെയ്യാന്‍ ആവശ്യപ്പെടും.

ഐപിഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തി സംഘത്തിലെ ആനന്ദ് റാണ എന്നയാള്‍ സ്ത്രീയില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിച്ച് വീഡിയോ കോളിലെത്തിയ മറ്റൊരാള്‍ കേസന്വേഷണത്തിനായി പണം കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ബാങ്കില്‍ പോയാണ് വയോധിക പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ബാങ്കില്‍ നിന്ന് അന്വേഷിച്ചാല്‍ ഒരു വസ്തു വാങ്ങാനാണ് പണം എന്ന് പറയാനും തട്ടിപ്പ് സംഘം നിര്‍ദേശിച്ചിരുന്നു.

പല തവണകളായി സംഘം ഇവരില്‍ നിന്നും പണം വാങ്ങി. അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയാല്‍ പണം തിരിച്ച് നല്‍കുമെന്നും സംഘം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 15 ലക്ഷം രൂപ തിരിച്ച് നല്‍കുകയും ചെയ്തതോടെ വൃദ്ധയ്ക്ക് സംഘത്തില്‍ വിശ്വാസമുണ്ടായി. തുടര്‍ന്ന് അവരുടെയും ഭര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടുകളിലുള്ള മുഴുവന്‍ പണവും കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പലപ്പോഴായി മൂന്ന് കോടിയിലധികം തട്ടിപ്പുകാര്‍ കൈപ്പറ്റിയത്.

എന്നാല്‍ പണം തിരിച്ചു ലഭിക്കാതിരിക്കുകയും സംഘം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര്‍ വിദേശത്ത് താമസിക്കുന്ന മകളെ വിവരമറിയിക്കുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ വൃദ്ധ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.