28
Nov 2024
Tue
28 Nov 2024 Tue
KM Shaji supreme court

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി.(Supreme court rejected the plea against KM Shaji) കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിന് എതിരായ ഹരജികള്‍ സുപ്രീംകോടതി തള്ളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒരാള്‍ പോലും മൊഴിനല്‍കിയിട്ടില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു.

54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.

2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുസ്ലിംലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയര്‍ന്നത്. മുസ്ലിം ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇത് പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു.

പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് ഈ കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.