26
Dec 2024
Fri
26 Dec 2024 Fri
Know the achievements of Dr. Manmohan Singh

പ്രധാനമന്ത്രിയായിരിക്കെ പത്തുവര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാക്കി സാമ്പത്തിക വിദഗ്ധന്‍കൂടിയായ ഡോ. മന്‍മോഹന്‍ സിങ് പടിയിറങ്ങിയത് ഒരുപിടി നേട്ടങ്ങളുമായിട്ടായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തില്‍ അദ്ദേഹത്തിന് പ്രത്യേക സംഭാവന ഉണ്ടായിരുന്നു. ഇന്ത്യ ഇപ്പോള്‍ കൈവരിച്ച സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി, ധനമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധനമന്ത്രിയായിരിക്കെ 1991ല്‍ അദ്ദേഹം ആണ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വര്‍ദ്ധിപ്പിക്കുക, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആഗോള വിപണിയിലേക്ക് തുറന്നുകൊടുക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം കൊണ്ടുവന്ന മറ്റ് വിപ്ലവകരമായ കാര്യങ്ങള്‍ ഇവയാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം

2005ല്‍ ആണ് ഈ നിയമം അവതരിപ്പിച്ചത്. ഇതുപ്രകാരം ഓരോ ഗ്രാമീണ കുടുംബത്തിനും 100 ദിവസത്തെ വേതന തൊഴില്‍ ഉറപ്പുനല്‍കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം ഗണ്യമായി മെച്ചപ്പെടുത്തുകയും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

വിവരാവകാശ നിയമം (ആര്‍.ടി.ഐ)

2005ല്‍ പാസാക്കിയ, വിവരാവകാശ നിയമപ്രകാരം പൗരന്മാര്‍ക്ക് പൊതു അധികാരികളില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള അവകാശം നല്‍കുന്നു. അതുവഴി ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നു.

ആധാര്‍

വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് സവിശേഷമായ ഏകീകൃത തിരിച്ചറിയല്‍ രേഖ നല്‍കുന്നതിന് ആധാര്‍ പദ്ധതി ആരംഭിച്ചു.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം

ഡോ. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കി. ഇത് ക്ഷേമനിധി വിതരണം കാര്യക്ഷമമാക്കുകയും നിരവധി പഴുതുകള്‍ നീക്കുകയും ചെയ്തു.

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍

കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ 60,000 കോടി രൂപയുടെ വായ്പ 2008ല്‍ എഴുതിത്തള്ളി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കി.

ഇന്ത്യ- യുഎസ് ആണവ കരാര്‍

ഇന്ത്യയുഎസ് സിവില്‍ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മന്‍മോഹന്‍ സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. ഈ കരാര്‍ പ്രകാരം ഇന്ത്യക്ക് ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇളവ് ലഭിച്ചു. ഇത് പ്രകാരം ഇന്ത്യയ്ക്ക് സിവിലിയന്‍, മിലിട്ടറി ആണവ പദ്ധതികള്‍ വേര്‍തിരിക്കാന്‍ അനുമതി ലഭിച്ചു. ഈ കരാര്‍ പ്രകാരം ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അനുമതി ലഭിച്ചു.

ഭക്ഷ്യസുരക്ഷാ നിയമം

2013 ജൂലൈ 5ന് പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കി. ഗ്രാമീണ ജനസംഖ്യയുടെ 75% വരെയും നഗരങ്ങളിലെ ജനസംഖ്യയുടെ 50% വരെയും പൊതുവിതരണ സമ്പ്രദായത്തിലൂടെ സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു.