22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാമെന്നാണ് തെരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

 

കോണ്‍ഗ്രസിനെ നയിക്കാന്‍ ആരെത്തുമെന്ന് ഒക്ടോബറില്‍ അറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടത്താന്‍ ഞായറാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലാണ്‌തെരഞ്ഞെടുപ്പ് തിയ്യതികള്‍ തീരുമാനിച്ചത്. 

 

തിയ്യതികള്‍ ഇങ്ങനെ:

സെപ്റ്റംബര്‍ 22: തെരഞ്ഞെടുപ്പ് വിജ്ഞാപനം 

സെപ്റ്റംബര്‍ 30: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി

ഒക്ടോബര്‍ എട്ട്: സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.

ഒക്ടോബര്‍ 16: സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണം നടത്താനുള്ള അവസാന തിയ്യതി

ഒക്ടോബര്‍ 17: വോട്ടെടുപ്പ്

ഒക്ടോബര്‍ 19: വോട്ടെണ്ണല്‍

 

കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കില്‍ മാത്രമാവും തെരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങുക. വിദേശത്തുള്ള ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വിര്‍ച്വലായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം, കഴിഞ്ഞവര്‍ഷം ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ സപ്തംബര്‍ 20ന് മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ നീങ്ങാതിരുന്നതോടെയാണ് ഇന്നലെ യോഗംചേര്‍ന്ന് തിയതികള്‍ പ്രഖ്യാപിച്ചത്.

 

മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ രാജിയോ മറ്റോ യോഗത്തില്‍ ചര്‍ച്ചയായില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തിന് മുന്നോടിയായി ആവശ്യപ്പെട്ടെങ്കിലും അക്കാര്യവും ചര്‍ച്ചയ്ക്ക് വന്നില്ല. 

 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോണ്‍ഗ്രസിനെ നയിക്കാന്‍ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടതിനാല്‍ അദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍. അധ്യക്ഷനാകാനില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതിനാലാണ് പുതിയ അധ്യക്ഷന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

 

യോഗം വെറും 15 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിദേശത്ത് നിന്ന് യോഗത്തില്‍ ചേര്‍ന്നു. ജി23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ അടക്കമുള്ളവരും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മധുസൂദന്‍ മിസ്ത്രി, കെ.സി വേണുഗോപാല്‍, ജയ്റാം രമേശ്, മുകുള്‍ വാസ്നിക്, പി. ചിദംബരം, അശോക് ഗെലോട്ട്, ഭൂപേഷ് ഭാഘേല്‍ തുടങ്ങിയവരും പങ്കെടുത്തു.