കോട്ടയം: തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരേ പോലീസില്‍ പരാതിയുമായി പുുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് ഗീതു തോമസ് പരാതി നല്‍കിയത്.
|
ഗര്‍ഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി ജെയ്ക് സഹതാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ഫേസ്ബുക്കിലെ പ്രചാരണത്തിനെതിരേയാണ് പരാതി. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് തനിക്കെതിരായ സൈബര്‍ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. ‘ജെയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന് വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നായിരുന്നു വീഡിയോക്ക് നല്കിയ അടിക്കുറിപ്പ്. ഈ പോസ്റ്റിനു താഴെ ജെയ്ക്കിനും ഗീതുവിനുമെതിരേ നിരവധി പേര് മോശമായ കമന്റുകളിട്ടിരുന്നു.
എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് ഗീതു തോമസ് പറയുന്നു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. ഒരൊറ്റ കോണ്‍ഗ്രസ് നേതാവും ഇതിനെ തള്ളിപറയാന്‍ തയാറായില്ലെന്നും ഗീതു കുറ്റപ്പെടുത്തി.
നേരത്തേ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മനെതിരേയും വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരേ അച്ചു ഉമ്മന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.





