ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽഗാന്ധിക്കുമെതിരേ അതിനിശിതവിമർശനവുമായി പാർട്ടിവിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. കോൺഗ്രസിൽ ഇല്ലാത്തതിന് കാരണം രാഹുലാണോ എന്ന ചോദ്യത്തിന്, അതെ എന്ന് ആസാദ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിൻറെ ആത്മകഥയായ ആസാദ് എന്ന പുസ്തകം പുറത്തുവന്നതിൻറെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ഗുലാംനബി ആസാദ് ഇക്കാര്യം പറഞ്ഞത്.
|
അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസിന് ഭരണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ കേന്ദ്രത്തിനെതിരെ 70 പ്രസംഗം നടത്തി. എന്നാൽ അവയെല്ലാം അവഗണിച്ച് മോദി തൻറെയടുത്ത് അനുഭാവപൂർവം പെരുമാറിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുൽ തന്നെ ബി.ജെ.പി ഏജൻറെന്ന് വിളിച്ചു. മാറ്റങ്ങൾ കൊണ്ടുവന്ന പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിനു തയ്യാറായില്ല. രാഹുലിൻറെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാർട്ടിയുടെ അവസ്ഥക്ക് കാരണമെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നേതൃത്വത്തെ അഭിനന്ദിച്ച ആസാദ്, അവർ ഉന്നതരായ നേതാക്കളായിരുന്നുവെന്ന് പറഞ്ഞു. അവരോടെല്ലാം എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയും ഞാനും വളരെ നല്ല സമവാക്യം പങ്കിട്ടവരാണ്. പാർട്ടിക്കുള്ളിൽ എങ്ങനെ ഐക്യം നിലനിർത്തണമെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ് രംഗത്തുവന്നിരുന്നു. ആർട്ടിക്കിൾ 370, പൗരത്വ ഭേദഗതി നിയമം (സിഎഎ), ഹിജാബ് വിവാദം എന്നിവയിൽ എല്ലാ തടസങ്ങളും സൃഷ്ടിച്ചിട്ടും നരേന്ദ്രമോദി വളരെ ഉദാരമായി പെരുമാറിയെന്നായിരുന്നു പ്രസ്താവന. കോൺഗ്രസ് നേതൃത്വത്തോട് പിണങ്ങി കഴിഞ്ഞവർഷം പാർട്ടിവിട്ട അദ്ദേഹം ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് എന്ന പാർട്ടി രൂപീകരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





