22
Dec 2025
Wed
22 Dec 2025 Wed
grand son and lover arrested for robbery in Rajakumari

ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), ഇയാളുടെ കാമുകി കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നാണ് സൈബുവിന്റെ അമ്മയുടെ അമ്മയായ രാജകുമാരി നടുമറ്റം പാലക്കുന്നേൽ മറിയക്കുട്ടി(80)യെ കെട്ടിയിട്ട് സ്വർണമോതിരങ്ങളും അലമാരയിൽ നിന്ന് പണവും കവർന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ രാജാക്കാട് സിഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ(സരോജ-38)യെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മണർകാട് ഉള്ള വാടകവീട്ടിൽ നിന്നാണ് യുവതി അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സൈബു തങ്കച്ചൻ, അനില, കോട്ടയം സ്വദേശി അൽത്താഫ് എന്നിവരുടെ പങ്ക് വ്യക്തമായത്, ഒളിവിലുള്ള അൽത്താഫിനെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷണത്തിനിടെ മറിയക്കുട്ടി സ്വയം കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ ഇവിടെ നിന്നു കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ‌പ്രതികളിലേക്ക് എത്തിച്ചത്. അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണിതെന്ന് പോലീസ് കണ്ടെത്തി. അൽത്താഫാണ് ബൈക്കുമായി വീട്ടിൽ നിന്ന് പോയതെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയായ അൽത്താഫ് ഇതിനിടെ രക്ഷപെട്ടിരുന്നു. എങ്കിലും കൃത്യത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സോണിയയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലിസിന് ലഭിക്കുന്നത്.രണ്ട്‌ വർഷം മുമ്പ് പന്നിയാർകുട്ടി ഉണ്ടമലയിലെ വീട്ടിൽ 10 കിലോഗ്രാമിലധികം കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റിലായ സൈബു മുട്ടം ജയിലിൽ റിമാൻഡിലായിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു മോഷണ കേസിൽ റിമാൻഡിലായിരുന്ന അൽത്താഫിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ തമ്മിൽ സൗഹൃദം തുടർന്നു.

ഒരു സുഹൃത്തിന്റെ വിവാഹദിവസമാണ് അമ്മയുടെ വീട്ടിൽ മോഷണം നടത്താൻ സൈബുവും മറ്റ് മൂന്ന്‌ പ്രതികളും പദ്ധതി തയാറാക്കുന്നത്. മറിയക്കുട്ടിയുടെ മകൻ ടോമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് അനില, സോണിയ എന്നിവരെ സൈബു കാറിൽ ഇവിടെയെത്തിച്ചു. അൽത്താഫ് ബൈക്കിലാണ് ഇവിടേക്ക് വന്നത്. സംഭവത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് അൽത്താഫും മറ്റ് രണ്ട്‌ പ്രതികളും സൈബുവിന്റെ കൂടെ കാറിൽ തിരികെ പോയി. സോണിയയും അൽത്താഫും മണർക്കാടിലേക്കും സൈബുവും അനിലയും അമയപ്രയിലേക്കുമാണ് പോയത്. രണ്ട്‌ ദിവസത്തിനു ശേഷം അൽത്താഫ് ഇവിടെ നിന്ന് മുങ്ങി. സോണിയ അറസ്റ്റിലായതോടെ സൈബുവും അനിലയും പാലക്കാട്ടേക്കും പോയി. പിടിയിലാകാതിരിക്കാൻ ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പിന്തുടർന്ന പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർ കൃത്യത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിനു പിന്നില്‍ സംഘപരിവാരം: മുഖ്യമന്ത്രി