29
Apr 2024
Mon
29 Apr 2024 Mon
gujarat couples donates two crore

അഹ്‌മദാബാദ്: 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ മുഴുവന്‍ സംഭാവന ചെയ്ത് ഗുജറാത്തിലെ ജൈന ദമ്പതികള്‍ സന്യാസ മാര്‍ഗം സ്വീകരിച്ചു. ഭവേഷ് ഭണ്ഡാരിയും ഭാര്യയും ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മുഴുവന്‍ സംഭാവന ചെയ്തത്. ഈ മാസം അസാനം ഭൗതികമായ എല്ലാം വെടിഞ്ഞ് സന്യാസത്തിലേക്ക് പ്രവേശിക്കും. ( Gujarat Businessman, Wife Donate ₹ 200 Crore Wealth To Become Monks )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിമ്മത് നഗറില്‍ നിര്‍മാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയുടെ 19 വയസ്സുള്ള മകളും 16കാരന്‍ മകനും 2022 ല്‍ സന്യാസ ജീവിതം സ്വീകരിച്ചിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്നാണ് ദമ്പതികളും സന്യാസം സ്വീകരിച്ചത്.
couple

ഏപ്രില്‍ 22ന് സന്യാസ പ്രതിജ്ഞ സ്വീകരിക്കുന്നതോടെ ഇരുവരും എല്ലാ കുടുംബ ബന്ധവും ഉപേക്ഷിക്കും. തുടര്‍ന്ന് നഗ്നപാദരായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കും. ഭിക്ഷയെടുത്താണ് ജീവിത മാര്‍ഗം കണ്ടെത്തുക. സ്വന്തമായി രണ്ട് ജോഡി വെള്ള വസ്ത്രവും ഭിക്ഷയെടുക്കാനുള്ള പാത്രവും മാത്രമാണുണ്ടാവുക. രാജോഹരണ്‍ എന്ന പേരിലുള്ള വെളുത്ത ചൂലും കൈയിലുണ്ടാവും. നടക്കുന്ന പാതയിലും ഇരിക്കുന്ന സ്ഥലത്തുമുള്ള പ്രാണികളെയും ഉറുമ്പുകളെയും മറ്റും മാറ്റുന്നതിന് വേണ്ടിയുള്ളതാണ് ഈ ചൂല്. അഹിംസാ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങിനെ ചെയ്യുന്നത്.

ഭണ്ഡാരി ദമ്പതികളോടൊപ്പം മറ്റു 35 പേരും ഇതേ ചടങ്ങില്‍ വച്ച് തങ്ങളുടെ സ്വത്തുക്കള്‍ സംഭാവന ചെയ്തു. രാജകീയ രഥത്തിലാണ് ദമ്പതികള്‍ ചടങ്ങിലെത്തിയത്.

എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ച് ദീക്ഷ(സന്യാസം) സ്വീകരിക്കുന്നത് ജൈനമതത്തില്‍ സുപ്രധാന സര്‍മപ്പണമാണ്. സന്യാസം സ്വീകരിക്കുന്നവര്‍ ഭിക്ഷയെടുത്ത് നഗ്നപാദരായി രാജ്യം ചുറ്റി സഞ്ചരിക്കുകയാണ് ചെയ്യുക.