01
Jun 2023
Fri
01 Jun 2023 Fri

ന്യൂഡല്‍ഹി: മാനസിക പീഡനവും സമ്മര്‍ദവും സഹിക്കാനാകുന്നില്ലെന്നും ഇനി ജീവിക്കാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപത് മുര്‍മുവിന് അപേക്ഷ നല്‍കി സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വാപി മസ്ജിദ് കേസിലെ ഹരജിക്കാരി. പള്ളിയില്‍ പൂജ നടത്താന്‍ അനുമതി തേടി വാരാണസി ജില്ലാ കോടതിയെ സമീപിച്ച അഞ്ച് ഹിന്ദു സ്ത്രീകളില്‍ ഒരാളായ രാഖി സിങ് ആണ് ദയാവധത്തിന് അനുമതി ആവശ്യപ്പെട്ടത്. കേസില്‍ തന്റെ ഹരജി പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞദിവസം അവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഖി സിങ്ങിന്റെ നടപടി.
കേസിലെ പ്രധാന ഹരജിക്കാരായ മറ്റ് നാലുപേരില്‍നിന്നുള്ള മാനസിക പീഡനവും കനത്ത സമ്മര്‍ദവും വിവരിച്ച് രാഷ്ട്രപതിക്ക് എഴുതിയ കത്തിന് ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുമ്പായി മറുപടി അറിയിക്കണമെന്ന് രാഖി സിങ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ഒന്നും ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ എന്ത് തീരുമാനം എടുത്താലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണെന്നും രാഖി സിങ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരജിക്കാരായ മറ്റ് നാലുപേരും തന്നെയും ഹിന്ദു സമൂഹത്തെ ആകെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കത്തില്‍ രാഖി ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ തെറ്റായ അജണ്ടകളുടെയും ഭരണകൂട താല്‍പര്യങ്ങളുടെയും ഭാഗമായി നാലുപേരും ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണ്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്‍പ്പെടെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. തങ്ങള്‍ അപമാനിക്കപ്പെട്ട പോലെ തോന്നുന്നു. ക്ഷേത്രത്തിന് വേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയില്ല. ഈ കേസിന് ഇറങ്ങിയതാണ് എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. മതത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ നടത്തി വഴി തെറ്റിക്കുന്നവര്‍ക്കൊപ്പമാണ് സമൂഹമെന്നും രാഖി സിങ് ആരോപിച്ചു.

കേസിലെ മറ്റൊരു ഹരജിക്കാരനായ വിശ്വ വേദിക് സനാതന്‍ സംഘ് നേതാവായ ജിതേന്ദ്ര സിങ് വിസെനും തന്റെ ഹരജി പിന്‍വലിച്ചിരുന്നു. രാഖി സിങ്ങിന്റെ മാതൃസഹോദരനാണ് വിസെന്‍. വിവിധ കോടതികളില്‍ ജ്ഞാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഞാനും എന്റെ ഭാര്യ കിരണ്‍ സിങ്ങും മരുമകള്‍ രാഖി സിങ്ങും നല്‍കിയ ഹരജികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജ്ഞാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ വിവിധ കോടതികളില്‍ നടന്നുവരികയാണ്. ഇതുമായിബന്ധപ്പെട്ട് ഹിന്ദുസ്ത്രീകളുടെ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. കേസ് നിലനില്‍ക്കുമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. യു.പിയിലെ തന്നെ മഥുരയിലെയും താജ് മഹലിലെയും പള്ളിയുടെ മേല്‍ അവകാശവാദം ഉന്നയിച്ചുള്ള കേസുകളിലും രാഖി സിങ് കക്ഷിയാണ്.

രാഖി സിങ് നല്‍കിയ കാലാവധി കഴിഞ്ഞെങ്കിലും അവരുടെ അടുത്ത നീക്കം എന്തെന്ന് വ്യക്തമായിട്ടില്ല.