|
മലപ്പുറം: ഹജ്ജ് 2025- ലേക്കു ഓൺലൈൻ വഴിയുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു. (Hajj Committee of India (HCI) has invited online application forms with effect from 13 August, 2024 till September 9). സെപ്തംബര്‍ 9 ആണ് അവസാന തിയ്യതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.
കൂടാതെ
“Hajsuvidha” എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുന്നത് ആണ്.
അപേക്ഷകർക്ക് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ആധാർ കാർഡ്, ഫോട്ടോ എന്നിവ ആണ് അപേക്ഷിക്കാൻ ആവശ്യമുള്ളത്.
2025 ഹജ്ജ് നയം
അടുത്ത വർഷത്തേക്കുള്ള ഹജ്ജ് നയം നേരത്തേ (Haj policy 2025) പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 65 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പിൻ്റെ ആവശ്യമില്ലാതെ നേരിട്ട് അവസരം ഉണ്ടാകും. നേരത്തേ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്. ഈ നയത്തിൽ ആണ് മാറ്റം ഉണ്ടായിരിക്കുന്നത്.
65 വയസ്സിന് മുകളിലുള്ളവരിൽനിന്ന് സത്യവാങ് മൂലം വാങ്ങിയാകും ഇവർക്ക് അവസരം നൽകുക. ഇവരോടൊപ്പം 18-നും 60-നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും നേരിട്ട് അവസരം ഉണ്ടാകുന്ന വിധത്തിൽ അണ് 2025-ലേക്കുള്ള ഹജ്ജ് നയത്തിൽ പരിഷ്കാരം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇന്ത്യക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് വീതം വെക്കുക. ഒരു കവറിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും (രണ്ടു വയസ്സിൽത്താഴെ) അപേക്ഷിക്കാൻ കഴിയും.
രക്തബന്ധത്തിൽപെട്ട പുരുഷന്മാർ കൂടെ ഇല്ലാത്ത (മെഹ്‌റമില്ലാത്ത) വനിതകളുടെ സംഘത്തിന് നിലവിൽ തുടരുന്ന മുൻഗണന ലഭിക്കും. 65 വയസ്സിന് മുകളിലുള്ള മെഹ്‌റമില്ലാത്ത വനിതകളുള്ള സംഘത്തിൽ 45-നും 60 ഇടയിലുള്ള സഹതീർഥാടക നിർബന്ധമാണ്.
70 വയസ്സിൽ ഇളവു വരുത്തിയത് കേരളത്തിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് നേട്ടമാകും. അപേക്ഷിച്ചാൽ ഉടൻ അവസരം ലഭിക്കുമെന്നതിനാൽ അടുത്ത വർഷം കൂടുതൽ അപേക്ഷകരായുണ്ടാകും.
കേരളത്തിൽ ഇക്കുറിയും കരിപ്പൂർ പുറപ്പെടൽ കേന്ദ്രം ആയത് ആണ് നയത്തിലെ മറ്റൊരു ഹൈലൈറ്റ്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെയൂം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി (Haj embarkation point) നിലനിർത്തിയിട്ടുണ്ട്. ഇതുൾപ്പെടെ രാജ്യത്താകെ 20 പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്. ഏതെങ്കിലും കേന്ദ്രത്തിൽ ആളുകൾ ക്രമാതീതമായി കുറഞ്ഞാൽ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം ക്രമീകരണം നടത്തി തീർഥാടകരെ മറ്റു പുറപ്പെടൽ കേന്ദ്രത്തിലേക്ക് മാറ്റും.





