റിയാദ്: ബിഹാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടക റിയാദില്‍ മരിച്ചു. ബിറൌള്‍, ഷെയ്ഖപുര, സുപൌള്‍ ബസാറില്‍ താമസിക്കുന്ന മൊമിന ഖാത്തൂന്‍ (69) ആണ് മരിച്ചത്. വിമാനയാത്രയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. (Hajj pilgrim died by the time the plane made an emergency landing in Riyadh )
|
മദീനയിലേക്കുള്ള ഹജ് വിമാനത്തിലാണ് മൊമിന ഖാത്തൂന്‍ യാത്ര ചെയ്തിരുന്നത്. ഞായറാഴ്ച്ചയാണ് കൊല്‍ക്കത്തയില്‍ നിന്ന് മദീനയിലേക്കുള്ള ഫ്‌ലൈ അദീല്‍ വിമാനത്തില്‍ അവര്‍ പുറപ്പെട്ടത്. യാത്രാമധ്യേ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ അടിയന്തിര ചികിത്സ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ പൈലറ്റ് റിയാദ് വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടു. അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിമാനം റിയാദില്‍ ഇറങ്ങി. 11 മണിയോടെ നിലത്തിറങ്ങിയ വിമാനത്തില്‍ നിന്നും പുറത്തെത്തിച്ച ഉടനെ തന്നെ സമീപത്തുള്ള അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയിലെത്തി. നാട്ടിലുള്ള മക്കളുടെയും ഭര്‍ത്താവിന്റെയും സമ്മതത്തോടെ മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് തുടര്‍നിയമനടപടികള്‍ ഏകോപിക്കുന്നതിന് സഹായത്തിനെത്തി.
ഹജ് തീര്‍ഥാടകര്‍ക്ക് ഇമിഗ്രേഷന്‍ നടപടികള്‍ ജിദ്ദയിലും മദീനയിലുമാണ് പൂര്‍ത്തികരിക്കേണ്ടത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൊമിന ഖാത്തൂന്റെ ഭര്‍ത്താവിനും മകനും റിയാദില്‍ തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.