ജിദ്ദ: പശ്ചിമേഷ്യയിൽ ഇസ്രായേൽ – പലസ്തീൻ പോരാട്ടം രൂക്ഷമാവുന്നു. തിങ്കളാഴ്ച ഇസ്രായേൽ തലസ്ഥാനത്തേക്കും വിശിഷ്ട നഗരമായ ജറൂസലേമിലേക്കും മിസൈൽ ആക്രമണം നടത്തിയതായി പലസ്തീൻ വിമോചന സായുധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു. ശനിയാഴ്ച ഹമാസ് ഇസ്രായേലിൽ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ കെട്ടിടങ്ങൾ വ്യാപകമായി ബോംബിട്ട് തകർത്തിരുന്നു. ഇതിന് മറുപടിയാണ് ജറൂസലേമിലും ടെൽ അവീവിലും ആക്രമണം നടത്തിയതെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ധീൻ അൽഖസ്സാം ബ്രിഗേഡ്സ് വിശദീകരിച്ചു.
|
ജറുസലേമിലും ഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ദിവസങ്ങളോളമായി ഇസ്രായേൽ കുടിയേറ്റക്കാർ സൈന്യത്തിന്റെ പിന്തുണയോടെ പലസ്തീനികൾക്കും മസ്ജിദ് അൽഅഖ്‌സായ്ക്കും നേരെ നടത്തി വന്ന അതിക്രമങ്ങൾക്ക് മറുപടിയായി ഇസ്രയേലിനെ ആരും പ്രതീക്ഷിക്കാത്ത സമയത്തും തരത്തിലും ഹമാസ് ആഞ്ഞടിക്കുകയായിരുന്നു.
ഹമാസിൻ്റെ മിന്നലാക്രമണത്തിൽ ആദ്യം ഞെട്ടിത്തരിച്ച ഇസ്രായേൽ പിന്നീട് പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇരു പക്ഷവും നടത്തിയ ആക്രമങ്ങളിൽ രണ്ടായിരത്തോളം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇതിൽ 700 ലധികം ഇസ്രായേലികളും ഉൾപ്പെടുന്നു. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും 500 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.


