24
May 2024
Fri
24 May 2024 Fri
israel rafa attack

ഗസാ സിറ്റി: റഫയിലും ഗസാ സിറ്റിയിലും പുതിയ യുദ്ധമുഖങ്ങള്‍ തുറന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ്. ലക്ഷക്കണക്കിന് ഫലസ്തീന്‍കാര്‍ അഭയം തേടിയിട്ടുള്ള റഫയില്‍ കൂട്ടക്കുരുതി നടത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിക്കുന്നത്. ( Hamas steps up Gaza fighting as aid runs out under Israeli blockade )

whatsapp റഫയിലേക്ക് കയറാനുള്ള ഇസ്രായേല്‍ ശ്രമം പാളുന്നു; അപ്രതീക്ഷിത ചെറുത്തു നില്‍പ്പുമായി ഹമാസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്റി ആര്‍മര്‍ മിസൈലുകളും ഹ്രസ്വദൂര റോക്കറ്റുകളും ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തിന് കനത്ത നാശം വിതച്ചതായി ഖസ്സാം ബ്രിഗേഡ് അറിയിച്ചു. റഫയിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണവും ഷെല്ലിങും ശക്തമാവുന്നതിനിടയിലാണ് ചെറുത്ത് നില്‍പ്പ്.

ബെയ്ത്ത് ലാഹിയ, ഗസാ സിറ്റി, മഗാസി അഭയാര്‍ത്ഥി ക്യാംപ്, അല്‍ മുഗ്‌റഖ ടൗണ്‍, ഖാന്‍ യൂനുസ്, റഫ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ഷെല്‍ വര്‍ഷം നടത്തിയതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. എഫ്-16 യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേല്‍ ബോംബ് വര്‍ഷം നടത്തിയതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ലക്ഷത്തിലേറെ പേര്‍ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയി.

കിഴക്കന്‍ റഫയില്‍ ഒരേ സമയം നടത്തിയ ഏകോപിത ആക്രമണത്തില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഇസ്രായേല്‍ സൈനികര്‍ തമ്പടിച്ച കെട്ടിടത്തിലും തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത സൈനിക വാഹനത്തിലും ഖസ്സാം ബ്രിഗേഡ് പോരാളികള്‍ വിക്ഷേപിച്ച മിസൈല്‍ പതിച്ചു.

കുഴിബോംബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലും നിരവധി സൈനികര്‍ അപകടത്തില്‍പ്പെട്ടു. കെറെം ഷാലോമില്‍ മൂന്ന് ടാങ്കുകള്‍ തകര്‍ത്തു. റോക്കറ്റും മോര്‍ട്ടാര്‍ ബോംബുകളും ഉപയോഗിച്ച് ഇസ്രായേല്‍ സൈനികരെ തുരത്തിയതായും ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു.

നിരവധി ഇസ്രായേല്‍ സൈനികര്‍ ആശുപത്രിയില്‍
ഗസാ നഗരത്തിന് തെക്കുള്ള സെയ്ത്തൂനിലും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. റഫയിലും സെയ്ത്തൂനിലും മറ്റ് ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളും ചെറുത്തുനില്‍ക്കുന്നുണ്ട്. കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സൈനികരുമായി നിരവധി ഇസ്രായേല്‍ സൈനിക കോപ്റ്ററുകള്‍ ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് പറന്നതായി ഹീബ്രു മാധ്യമങ്ങളുടെ റിപോര്‍ട്ടില്‍ പറയുന്നു.

റഫയില്‍ നേര്‍ക്കുനേരേ ഏറ്റുമുട്ടല്‍ നടക്കുന്നതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു. സെയ്ത്തൂനില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു.

ഇസ്രായേല്‍ സൈന്യത്തെ ആക്രമിച്ച് കടന്നലുകളും
ഹമാസിന്റെ കനത്ത ചെറുത്തുനില്‍പ്പിനിടെ ഇസ്രായേല്‍ സൈന്യത്തിന് ഭീഷണിയുമായി കടന്നലുകളും. തെക്കന്‍ ഗസയില്‍ കടന്നലുകള്‍ ഇസ്രായേല്‍ സൈന്യത്തെ കൂട്ടത്തോടെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ 12 സൈനികരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.