മംഗളുരു: വര്‍ഗീയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മംഗളുരുവില്‍, സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ആറു പേരെ അറസ്റ്റ് ചെയ്തു. (Hate campaign on social media; Six people, including expatriates, arrested in Mangaluru) മുഹമ്മദ് അസ്ലം (23), ചേതന്‍ (20), നിതിന്‍ അഡപ്പ (23), റിയാസ് ഇബ്രാഹിം (30), ജമാല്‍ സാക്കിര്‍ (21), ഗുരുപ്രസാദ് എന്നിവരെയാണ് മംഗളുരു പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
|
പ്രതികളില്‍ രണ്ട് പേര്‍ സൗദിയില്‍ പ്രവാസികളാണ്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വ്യത്യസ്ത വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.
തുടര്‍ച്ചയായി മൂന്നു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മംഗളുരുവില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്കും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളാണ് കര്‍ണാടക പൊലീസ് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് അസ്ലമിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൗദി അറേബ്യയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അസ്ലമിനെതിരെ ബിഎന്‍എസ് 192, 352 (2) വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
മുസ്ലിം പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിച്ച് സൃഷ്ടിച്ച ‘ടീം കര്‍ണ സൂറത്ത്കല്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവെച്ചതിനാണ് സൂറത്ത്കല്‍ സ്വദേശി ചേതന്‍, ഹലിയങ്കാടി പോസ്റ്റ് സ്വദേശി നിതിന്‍ അഡപ്പ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെ വര്‍ഗീയ സന്ദേശങ്ങള്‍ പങ്കുവെച്ചതിന് അറസ്റ്റിലായ റിയാസ് ഇബ്രാഹിമിനെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ ഉണ്ട്. സൗദി പ്രവാസിയായ ഇയാള്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കുളൂരിലെ പരേതനായ മുഹമ്മദ് മുസ്തഫയുടെ മകന്‍ ജമാല്‍ സാകിറും ഇന്‍സ്റ്റഗ്രാമിലെ വര്‍ഗീയ പോസ്റ്റുകളുടെ പേരിലാണ് പിടിയിലായത്. ഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകളിട്ടതിനായിരുന്നു ഗുരുപ്രസാദിന്റെ അറസ്റ്റ്.
പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ട് അടക്കം 15-ലേറെ സംഘ് പരിവാര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരെ നാട് കടത്തുകയും ചെയ്തു.


