13
Jan 2023
Wed
13 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: എൻ.സി.പി നേതാവും ലക്ഷദ്വീപ് മുൻ എം.പിയുമായ മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. ഫൈസലിന്റെയും കൂട്ടു പ്രതികളായ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കുന്നത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തടഞ്ഞു.

ഇതോടെ, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഫൈസലിനും കൂട്ടു പ്രതികൾക്കും പുറത്തിറങ്ങാനാകും. പ്രതികളെ ജാമ്യത്തിൽ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. വധശ്രമക്കേസിൽ ശിക്ഷാവിധി നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെൻഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസലിനെയും കൂട്ടാളികൾക്കും 10 വർഷം തടവുശിക്ഷ വിധിച്ചത്.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സാഹചര്യത്തിൽ അത് നീക്കിക്കിട്ടാൻ മുഹമ്മദ് ഫൈസലിന് ലോക്‌സഭ സെക്രട്ടേറിയറ്റിനെ സമീപിക്കാനാകും. മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതിന് പിന്നാലെ, ലക്ഷദ്വീപിലേക്ക് ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും. വധശ്രമക്കേസിൽ കേരള ഹൈക്കോടതിയുടെ വിധി വന്ന ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി വ്യക്തമാക്കിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക