Heat wave in kerala കേരളത്തില്‍ കടുത്തചൂട് തുടരുന്നതിനാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. കൊണ്ടോട്ടിയിലെ കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികള്‍ക്കുമാണ് സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്.
|
ചൊവ്വാഴ്ച്ച വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയില്‍ നേരിട്ട് ശരീരത്തില്‍ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിപ്പൂര്‍ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറില്‍ സൂര്യാതപമേറ്റത്. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകള്‍. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
മൂന്ന് ജില്ലകളില്‍ ജാഗ്രത
ചുട്ടുപൊള്ളുന്ന പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും. കേരളത്തില്‍ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂര്‍വമാണ്. 2016-ല്‍ പാലക്കാട്ടും തൃശ്ശൂരും 2024-ല്‍ പാലക്കാട്ടും കോഴിക്കോടുമാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്.
27 മുതല്‍ വേനല്‍മഴയുണ്ടാകുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതില്‍ മഴയുണ്ടാകും. 26വരെ 12 ജില്ലകളിലും താപനില ശരാശരിയില്‍നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
കൊല്ലത്തും തൃശ്ശൂരും അവധി
താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
ഉഷ്ണ തരംഗമെന്നാല്‍
ഒരു മേഖലയിലെ രണ്ടിടങ്ങളില്‍ സാധാരണയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ചൂട് കൂടി നില്‍ക്കുന്ന അവസ്ഥ.
സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ
തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയോ കൂടുതലോ
തുടര്‍ച്ചയായി രണ്ടുദിവസം ഇതില്‍ രണ്ടെണ്ണം ഉണ്ടായാല്‍ ഉഷ്ണതരംഗം പ്രഖ്യാപിക്കാം.




