കേരളത്തില്‍ ഇനിയും ചൂട് കൂടും; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
|
തിരുവനന്തപുരം: കേരളത്തില്‍ ഇനിയും ചൂട് കൂടുമെന്നും അതീവ ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതം ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്റേയും നിര്‍ദേശം.
സാധാരണയെക്കാള്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 3 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്. രാവിലെമുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാലാണിത്. രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നേരിട്ട് വെയിലേല്‍ക്കുന്നത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകാം.ചൂട് കൂടുമ്പോള്‍ ജലാംശവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. കൂടുതല്‍ വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം/ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ കുടിക്കുക.അമിത ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സൂര്യാഘാതം മരണത്തിനുവരെ വഴിവെക്കാം. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധികടന്നാല്‍ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവാം.
കഴിഞ്ഞുപോയ 30 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്രയും ചൂടുണ്ടായിട്ടുള്ള ഒരു ഫെബ്രുവരി മാസം കാണില്ല . അക്ഷരാര്‍ത്ഥത്തില്‍ കേരളം വെന്തുരുകുകയാണ്. ഒന്നര മാസത്തിലധികം ഇനിയും തള്ളിനീക്കണം ഒരു വേനല്‍ മഴയ്ക്കുള്ള ഇരുണ്ട കാര്‍മേഘമെങ്കിലും കാണാന്‍.





