സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും
|
അതേസമയം, ഇടുക്കിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.8 അടിയിലെത്തി. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
നേരിയ മഴ മാത്രമാണ് ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ പെയ്തത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുനിന്ന് വെള്ളം ഇറങ്ങി തുടങ്ങി. 35 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഏഴ് ഡാമുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്.
വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി മഴ തിമര്‍ത്തു പെയ്തു. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ രാത്രിയില്‍ ഇടവിട്ട് ശക്തമായി മഴ പെയ്തു. ബാലുശ്ശേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. വയനാട് പനമരത്ത് മരം റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തില്‍ രാത്രിയില്‍ മരംവീണതോടെ ഗതാഗതം അവതാളത്തിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്


