26
May 2024
Tue
26 May 2024 Tue

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. രാവിലെ മുതല്‍ സംസ്ഥാന വ്യാപകമായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രാവിലെ മുതല്‍ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളില്‍ ലഭിക്കുന്നത്. നഗരത്തിലെ സര്‍വീസ് റോഡുകള്‍ പലതും വെള്ളത്തിലായി. എറണാകുളം ജില്ലയിലാണ് കൂടുതല്‍ മഴ. ജില്ലയിലെ കളമശ്ശേരി, കാക്കനാട് മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുള്‍പ്പെടെ വെള്ളം കയറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.

തിരുവനന്തപുരത്ത് രാവിലെ മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വെഞ്ഞാറമൂട് തേമ്പാമൂട് പുല്ലമ്പാറയില്‍ വ്യാപക നാശനഷ്ടം പല വീടുകളിലും വെള്ളം കയറി. നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചിറയിന്‍കീഴ് പാലവിള ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണു. സ്‌കൂള്‍ തുറന്നിട്ടാല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

നെയ്യാര്‍ കനാലും നിറഞ്ഞെഴുകുകയാണ്. ആനകോട് ഏലയില്‍ നിന്നും പൂവച്ചല്‍ വരെ മൂന്നര കിലോമീറ്ററിനുള്ളില്‍ ഏക്കറുകണക്കിന് കൃഷയിടങ്ങളില്‍ വെള്ളം കയറി. ഉദിയന്നൂര്‍ തോട്, പച്ചക്കാട് എന്നിവിടങ്ങളില്‍ തോട് കരവിഞ്ഞു. അരുവിക്കര സര്‍ക്കാര്‍ ആശുത്രിയുടെ മതില്‍ തകര്‍ന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് വരുന്നതുവരെ നിരോധനം തുടരും.

എറണാകുളം നഗരത്തിലെ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍ അറിയിച്ചു. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 100 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചിരിക്കുന്നത്. ഇത് മേഘവിസ്‌ഫോടനത്തിന്റെ ഫലമാകാമെന്ന് അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് അഭിലാഷ് മുന്നറിയിപ്പ് നല്‍കി.

കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴയ്ക്ക് കാരണം. 14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റ് ആണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്. റിമല്‍ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘ കൂട്ടങ്ങളുമാണ് കൊച്ചിയില്‍ ശക്തമായ മഴയ്ക്ക് കാരണമായത്. വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നതാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിമല്‍ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഇതും ശക്തമായ മഴയെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ പെയ്യുന്നത് പ്രീ മണ്‍സൂണ്‍ മഴയാണ്. പ്രീ മണ്‍സൂണ്‍ സമയത്താണ് ഇടമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ ലഭിക്കുന്നത്. കൂമ്പാര മേഘങ്ങളാണ് ശക്തമായ മഴയ്ക്ക് കാരണം.

Kerala Rain updates: Heavy Rain Leads To Waterlogging In Ernakulam, Kochi