മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 കോടി രൂപയുടെ വന്‍ ലഹരിവേട്ട. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് വന്ന ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാര്‍ ആണ് പിടിയിലായത്. ഇയാളില്‍നിന്ന് മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനും പിടിച്ചെടുത്തു. ഇതിന് 43 കോടി രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
|
നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പേഴ്‌സിലും ബാഗിലും ഷൂസിലുമായാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണെന്ന് കരിപ്പൂര്‍ പൊലിസ് അറിയിച്ചു. വിശദവിവരങ്ങള്‍ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതര്‍ പരിശോധിക്കുകയാണ്.
മലപ്പുറം, കോഴിക്കോട് ഭാഗത്ത് വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങാന്‍ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തും.





