29
May 2023
Fri
29 May 2023 Fri

കൊച്ചി: ‘ദ കേരള സ്റ്റോറി’ ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥയാണെന്ന് ഹൈക്കോടതി. കേരളം മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ്. മതേതരസ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചോളുമെന്ന് അഭിപ്രായപ്പെട്ട കോടതി സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും ചോദിച്ചു. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി ഇങ്ങനെ പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമ നടത്തിയത് തെറ്റായ വിവരണമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ നിയമപരമായ അതോറിറ്റി സിനിമ പരിശോധിച്ചതല്ലേ എന്നും ചിത്രത്തിന്റെ ട്രെയ്‌ലർ നവംബറിൽ ഇറങ്ങിയിട്ടും അവസാന നിമിഷമാണ് തങ്ങളെ സമീപിച്ചതെന്നുമായിരുന്നു കോടതിയുടെ മറുപടി.

നിർമാല്യം സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല എന്നും പറഞ്ഞ കോടതി, കേരള സ്റ്റോറിയിൽ കുറ്റകരമായ എന്താണുള്ളതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും പറഞ്ഞു.

ടീസർ കോടതി കണ്ടേ പറ്റൂവെന്നും അത് കണ്ടാൽ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോടതി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്നും ഹരജിക്കാർ വാദിച്ചു. ഇതോടെ, ടീസർ കാണാമെന്നായിരുന്നു കോടതിയുടെ മറുപടി.

തുടർന്ന് ടീസർ പരിശോധിച്ച കോടതി ഇതിൽ ഇസ്‌ലാമിനെ കുറിച്ച് എന്താണ് ഉള്ളതെന്ന് ഹരജിക്കാരോട് ചോദിച്ചു. ഐഎസിനെ പറ്റി മാത്രമാണ് ടീസറിലുള്ളതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.