കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹരജി തള്ളണമെന്ന കുറ്റാരോപിതനായ നടൻ ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
|
ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹരജി തള്ളണമെന്നുമാണ് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ അടക്കം പുറത്തുപോകുന്നത് തന്റെ സ്വകാര്യതയേയും നിലനില്‍പ്പിനേയും ബാധിക്കുന്ന കാര്യമാണെന്നായിരുന്നു നടിയുടെ വാദം.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപോര്‍ട്ടിന് പിന്നാലെയാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.





