ജിദ്ദ: ചരിത്ര മേഖലയായി പരിരക്ഷിക്കപ്പെടുന്ന ജിദ്ദ നഗരത്തിലെ സവിശേഷ മേഖലയില്‍ നിന്ന് പുതിയ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ഹെറിറ്റേജ് ജിദ്ദാ പ്രോഗ്രാം പുരാവസ്തു പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജിദ്ദയിലെ ചരിത്രപ്രധാന മേഖലയില്‍ നടത്തിയ പുതിയ പുരാവസ്തു ഗവേഷണ ഫലങ്ങളാണ് ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയത്.
|
ലോക പൈതൃക ദിനത്തോട് അനുബന്ധിച്ചായിരുന്നു ചരിത്ര കുതുകികള്‍ക്ക് കൗതുകം പകര്‍ന്ന അധികൃതരുടെ വെളിപ്പെടുത്തലുകള്‍. കിടങ്ങും കോട്ടമതിലും അനുബന്ധ കാര്യങ്ങളും നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും അധികൃതര്‍ വിവരിച്ചു. ഹിസ്റ്റോറിക് ജിദ്ദ മേഖലയിയുടെ വടക്കന്‍ ഭാഗത്ത്, അല്‍ബയ്അ സ്‌ക്വയറിന് സമീപം, അല്‍കിദ്വ സ്‌ക്വയറിന് കിഴക്ക് ഭാഗത്തായി നടത്തിയ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രദേശത്തിന്റെ പ്രതിരോധത്തിനായി നിര്‍മിച്ച ഒരു കിടങ്ങിന്റെയും ഒരു കോട്ട മതിലിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പുതിയ വിവരങ്ങളാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.
ഹിജ്‌റ നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ (10ആം നൂറ്റാണ്ടിന്റെ അവസാനത്തിലും എ ഡി 11-ആം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി) ജിദ്ദ ചുറ്റുമതിലിന്റെ സുരക്ഷയോടെയുള്ള നഗരമായിരുന്നുവെന്ന് ചരിത്ര സ്രോതസ്സുകള്‍ വെളിപ്പെടുത്തുമ്പോള്‍, ലബോറട്ടറി വിശകലനങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ പ്രകാരം, പുതുതായി കണ്ടെത്തിയ കിടങ്ങും മതിലും പഴയ കോട്ട സംവിധാനത്തിന്റെ പില്‍ക്കാല ഘട്ടം ആയിരിക്കാമെന്നാണ് സൂചന. അതായത് ഇവ ഹിജ്‌റ 12, 13 നൂറ്റാണ്ടുകളില്‍ (എഡി 18, 19 നൂറ്റാണ്ടുകളില്‍) നിര്‍മ്മിച്ചതാകാനാണ് സാധ്യത.
സൗദി ഹെറിറ്റേജ് അതോറിറ്റിയുടെ കീഴില്‍ 4 പുരാവസ്തു കേന്ദ്രങ്ങളിലായി 25,000 പുരാവസ്തു വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഇവര്‍ കണ്ടെത്തുകയുണ്ടായി. ഇവയിലൂടെ ചരിത്രപരമായ ജിദ്ദയുടെ സാംസ്‌കാരിക പ്രാധാന്യവും പിന്തുടര്‍ച്ചയും മനസ്സിലാക്കുന്നതിനും പുരാവസ്തു സ്ഥലങ്ങളെ ഉയര്‍ത്തിക്കാട്ടാനും അവയെ പരിപാലിക്കാനും ലക്ഷ്യം വെക്കുന്നു. അവയിലൂടെ നഗരത്തിന്റെ ചരിത്ര മഹത്വവും പ്രാധാന്യവും തിളങ്ങുകയും ചെയ്യും.
പുരാവസ്തു പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രഖ്യാപിച്ച പുരാവസ്തു കണ്ടെത്തലുകളുടെ ഭാഗമായാണ് പുതിയ കണ്ടെത്തലുകള്‍. ഇതില്‍ സ്വദേശികളായ വിദഗ്ധര്‍ക്ക് പുറമെ ഭൂഗര്‍ഭ ഗവേഷണത്തില്‍ പ്രഗത്ഭരായ വിദേശികളും പങ്കെടുത്തിരുന്നു.


