22
Feb 2023
Wed
22 Feb 2023 Wed

ന്യൂഡല്‍ഹി: വീട്ടിൽ ജോലിക്ക് കൊണ്ടുവന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കി ദമ്പതികൾ. ഡൽഹി ​ഗുരു​ഗ്രാമിലാണ് സംഭവം. വിവസ്ത്രയാക്കിയ ശേഷം സ്വകാര്യ ഭാ​ഗത്ത് മുറിവേൽപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ മോചിപ്പിക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മനീഷ് കൗര്‍, കമല്‍ജീത് കൗര്‍ എന്നിവരാണ് അറസ്റ്റിലായത്. അതിക്രൂരമായാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് മാസങ്ങളായി കുട്ടിയെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു.

ഝാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ച് മാസം മുമ്പാണ് ദമ്പതികള്‍ ഇവരുടെ മൂന്നര വയസുള്ള കുഞ്ഞിനെ നോക്കാനായി ജോലിക്കെടുത്തത്. ഭക്ഷണം മോഷ്ടിച്ചെന്നും ജോലി ചെയ്യുന്നില്ലെന്നും ആരോപിച്ചാണ് ദമ്പതികള്‍ പെൺകുട്ടിയെ പട്ടിണിക്കിടുകയും മര്‍ദിക്കുകയും ചെയ്തത്. ഭക്ഷണവും നൽകിയിരുന്നില്ല. ഇതോടെ ചവിറ്റുകുട്ടയില്‍ നിന്നുമുളള മിച്ചം വരുന്ന ഭക്ഷണം കഴിച്ചാണ് കുട്ടി അതിജീവിച്ചത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതും പൊള്ളിയതുമായ നിരവധി പാടുകളുണ്ട്. കൂടാതെ കുട്ടിയെ ഇവര്‍ പട്ടിണിക്കിട്ടിട്ടുണ്ടെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ മര്‍ദിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് സ്ഥലത്തെത്തി പെൺകുട്ടിയെ മോചിപ്പിച്ചത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനയും നടത്തുന്നുണ്ട്. ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ നിയമം എന്നിവ ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും അറസ്റ്റിലായ യുവതിയെ പുറത്താക്കുകയും ചെയ്തു.