തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു.
|
മഴ കണക്കിലെടുത്ത് കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂര്‍ താലൂക്കിലെയും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എംജി, കണ്ണൂര്‍, സാങ്കേതിക (കെടിയു) സര്‍വകലാശാലകള്‍ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ നാളെയേ ആരംഭിക്കൂ.
ജില്ലകളിലെ അവധിയും മറ്റ് നിയന്ത്രണങ്ങളും ഇപ്രകാരമാണ്:
ഇടുക്കി
ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, CBSE, ICSE സ്‌കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് / കോഴ്‌സുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
എറണാകുളം
എറണാകുളം ജില്ലയില്‍ അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. അങ്കണവാടികള്‍, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു.
തൃശൂര്‍
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയായതിനാല്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണ് കലക്ടര്‍ അറിയിച്ചു. പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ നിക്കരുതെന്നും കലക്ടര്‍ കുട്ടികളോട് പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍
കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ( അംഗനവാടി , ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാല/പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി.
കാസര്‍കോട്
അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജുകള്‍ക്ക് അവധി ബാധകമല്ല.
ആലപ്പുഴ
കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.
പത്തനംതിട്ട
ജില്ലയില്‍ ചിലയിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



