ന്യൂഡൽഹി: അധികാരത്തർക്കത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെ തൽസ്ഥാനത്തു നിന്ന് നീക്കി സർക്കാർ. 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എ കെ സിംഗിനെ സേവന വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്ന്, സർക്കാരിൽ ഭരണപരമായ പുനഃസംഘടന ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പൊതുപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. കോടതി വിധിക്ക് മുമ്പ് ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലായിരുന്നു സർവീസസ് വകുപ്പ്.
|
പോലീസ് , ക്രമസമാധാനം, ഭൂമി ഒഴികെയുള്ള വിഷയങ്ങളിൽ ഭരണ, നിയമ നിർമാണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന സുപ്രധാന വിധിയായാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർക്കു മേൽ സംസ്ഥാന സർക്കാരിനാണ് അധികാരം. സർക്കാരിന്റെ ഉപദേശം അനുസരിച്ചായിരിക്കണം ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ക്രമസമാധാനം, പോലീസ്, ഭൂമി ഒഴികെയുള്ള വിഷയങ്ങളിൽ സർക്കാരിന് നിയമ നിർമാണ അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.





