മൂന്നാംനിലയിലെ ലിഫ്റ്റിൽ കുടുങ്ങിയ വീട്ടുജോലിക്കാരി രക്ഷാപ്രവർത്തനത്തിനിടെ താഴ്ചയിലേക്കു വീണുമരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബഹുനില അപാർട്ട്മെന്റിലെ മൂന്നാംനിലയിൽ ലിഫ്റ്റിൽ കുടുങ്ങിയ 43കാരിയായ രുഗ്മിണി ഭായിയാണ് മരിച്ചത്.
|
മുക്കാൽ മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭൂഗർഭ നിലയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇവർ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ടുനൽകി.
വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി ലിഫ്റ്റിൽ കയറിയതായിരുന്നു രുഗ്മിണി.
ഇതിനു പിന്നാലെ വൈദ്യുതി പോവുകയും ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. പരിഭ്രാന്തയായ രുഗ്മിണി നിലവിളിച്ചതോടെ കരച്ചിൽ കേട്ട ചിലർ ലിഫ്റ്റിന്റെ അടുത്തെത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതിനിടെ രുഗ്മിണി ഭൂഗർഭ നിലയിലേക്ക് വീഴുകയും മരിക്കുകയുമായിരുന്നു.
അതേസമയം കെട്ടിട ഉടമയുടെ അനാസ്ഥയാണ് രുഗ്മിണിയുടെ മരണത്തിനു കാരണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് കുടുംബം മൃതദേഹവുമായി പ്രതിഷേധിച്ചു. സർക്കാർ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് ഇവർ മടങ്ങിയത്.





